പൗരത്വ നിയമത്തിനൊപ്പം ഉറച്ച് മുഖ്യമന്ത്രി എടപ്പാടി; ശക്തമായി എതിർത്ത് മന്ത്രിമാർ; തമിഴ്‌നാട് സർക്കാരിൽ കനത്ത പ്രതിസന്ധി

Edappadi Palaniswami | India news

ചെന്നൈ: തമിഴ്‌നാട് മന്ത്രിമാർ പൗരത്വ നിയമഭേദഗതിയെ എതിർക്കുകയും മുഖ്യമന്ത്രി എടപ്പാടി പളനിസാമി അടക്കമുള്ളവർ കേന്ദ്ര സർക്കാരിനൊപ്പം നിൽക്കുകയും ചെയ്തതോടെ തമിഴ്‌നാട് സർക്കാരിൽ വൻപ്രതിസന്ധി. ന്യൂനപക്ഷ മന്ത്രിമാർ മുഖ്യമന്ത്രിക്ക് എതിരായ വിരുദ്ധ ചേരിയിലാണ്. മന്ത്രി നിലോഫർ കഫീൽ പരസ്യമായി രംഗത്ത് എത്തിയതോടെ ഭിന്നത മറനീക്കി പുറത്തെത്തുകയും ചെയ്തു.

പൗരത്വനിയമ ഭേദഗതിക്ക് അനുകൂലമായി വോട്ടുചെയ്ത എഐഎഡിഎംകെയ്ക്കും കേന്ദ്രസർക്കാരിനും എതിരേയാണ് തമിഴ്‌നാട്ടിൽ പ്രക്ഷോഭങ്ങൾ കനക്കുന്നത്. മത-ജാതി വ്യാത്യാസങ്ങളില്ലാതെ ആളുകൾ തെരുവുകളിലെത്തിയതോടെ സർക്കാരാകെ പ്രതിരോധത്തിലുമായി. ശനിയാഴ്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നതോടെ മന്ത്രിസഭയിലെ ഏക മുസ്ലിം മന്ത്രി നിയമത്തെ തള്ളിപറഞ്ഞതോടെയാണ് സർക്കാരിനുള്ളിൽ തന്നെ പൊട്ടിത്തെറി ആരംഭിച്ചത്. നിലോഫർ നിയമം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്.

എന്നാൽ ഇതിനുതൊട്ടുപിറകെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ പ്രതിരോധിച്ചു മന്ത്രി രാജേന്ദ്ര ബാലാജി രംഗത്ത് എത്തി. കേന്ദ്ര സർക്കാർ നിലപാടിനൊപ്പമാണ് തമിഴ്‌നാടെന്നായിരുന്നു ബാലാജിയുടെ പ്രഖ്യാപനം. എതിർപ്പുകളെ പ്രതിപക്ഷം മുതലെടുക്കുമെന്ന ഭീതിയും എഐഎഡിഎംകെയ്ക്കുണ്ട്. പരമ്പരാഗത വോട്ടുബാങ്കായ മുസ്്‌ലിം വിഭാഗം പാർട്ടിയിൽ നിന്ന് അകലുകയാണെന്നും നേതാക്കൾ പറയുന്നു. രാജ്യസഭാ അംഗമായ മുഹമ്മദ്ജാനെ നൂറിലധികം പള്ളികളുടെ അധികാരികളായ വെല്ലൂർ സംയുക്ത മുസ്ലിം ജമാഅത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് ഇതിന്റെ തുടക്കമാണെന്നും ഒരുകൂട്ടർ ചൂണ്ടികാണിക്കുന്നു.

Exit mobile version