രാഹുലും പ്രിയങ്കയും ജീവനുള്ള പെട്രോൾ ബോംബുകൾ; എല്ലാം കത്തിക്കും; അധിക്ഷേപിച്ച് ബിജെപി മന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും അവഹേളിച്ച് ബിജെപിനേതാവും ഹരിയാന ആഭ്യന്തര മന്ത്രിയുമായ അനിൽ വിജ്. ജീവനുള്ള പെട്രോൾ ബോംബുകളാണ് രാഹുലും പ്രിയങ്കയുമെന്ന് അപഹസിച്ചാണ് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സൂക്ഷിക്കുക. അവർ ജീവനുള്ള പെട്രോൾ ബോംബുകളാണ്. എവിടെയൊക്കെ അവർ പോകുന്നുണ്ടോ അവിടെയെല്ലാം അവർ തീപിടിപ്പിക്കുകയും പൊതുമുതലുകൾ നാശിപ്പിക്കുകയും ചെയ്യും- എന്നായിരുന്നു അനിൽ വിജിന്റെ ട്വീറ്റ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ സമരമാണ് കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്നത്. ഇതിനിടെയാണ് നേതാക്കളെ വ്യക്തിപരമായി അവഹേളിച്ച് ബിജെപി പ്രതിരോധം തീർക്കുന്നത്. ഉത്തർപ്രദേശിൽ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ചൊവ്വാഴ്ച ഉത്തർപ്രദേശിലെ മീററ്റിലേക്ക് പോവുകയായിരുന്ന രാഹുലിനെയും പ്രിയങ്കയെയും പോലീസ് തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഹരിയാന മന്ത്രിയായ വിജിന്റെ ട്വീറ്റ്. മുമ്പും അനാവശ്യ ട്വീറ്റുകളുമായെത്തി സോഷ്യൽമീഡിയയിൽ വിവാദങ്ങളേറെ വിളിച്ചുവരുത്തിയിട്ടുണ്ട് അനിൽ വിജ്.

Exit mobile version