ബിരുദദാനച്ചടങ്ങില്‍ പൗരത്വ നിയമം കീറിയെറിഞ്ഞ് ഗോള്‍ഡ് മെഡലിസ്റ്റ്; ഇന്‍ക്വിലാബ് വിളിച്ച് വേദിയില്‍ നിന്നിറങ്ങി പ്രതിഷേധം

കൊല്‍ക്കത്ത: പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ബിരുദദാനച്ചടങ്ങില്‍ പൗരത്വ നിയമത്തിന്റെ കോപ്പി കീറിയെറിഞ്ഞ് വിദ്യാര്‍ഥിനിയുടെ പ്രതിഷേധം. കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വ്വകലാശാലയിലെ ബിരുദ ദാനച്ചടങ്ങിനിടെയാണ് ഗോള്‍ഡ് മെഡലിസ്റ്റായ ദേബ്സ്മിത ചൗധരിയുടെ പ്രതികരണം. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറായിരുന്നു ബിരുദദാനം നിര്‍വഹിച്ചിരുന്നത്. ഗവര്‍ണറുടെ മുന്നില്‍ വച്ചാണ് ദേബ്സ്മിതയുടെ പ്രതിഷേധം.

2019ലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ഗോള്‍ഡ് മെഡലിസ്റ്റാണ് ദേബ്സ്മിത.
ദേബ്സ്മിത വേദിയിലെത്തി മെഡല്‍ വാങ്ങിയ ശേഷം കയ്യിലിരുന്ന പൗരത്വ നിയമത്തിന്റെ കോപ്പി സദസിനെ കാണിച്ച് കീറിയെറിയുകയായിരുന്നു. തുടര്‍ന്ന് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് വേദിയില്‍ നിന്ന് പുറത്തേക്ക് നടന്നു.

നേരത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. ക്യാമ്പസില്‍ പ്രവേശിച്ച് ഗവര്‍ണര്‍ക്കുനേരെ ഗോ ബാക്ക് വിളികളും നോ എന്‍ആര്‍സി നോ സിഎഎ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.

ബിരുദാനത്തിന് ശേഷം വിസിക്കെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ രംഗത്തെത്തി. വൈസ് ചാന്‍സലറുടെ മൗനസമ്മതത്തോടെയാണ് പ്രതിഷേധം അരങ്ങേറിയതെന്നും ഇത് വളരെ വേദനാജനകമായ സംഭവമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. നേരത്തെ പോണ്ടിച്ചേരി സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു.

Exit mobile version