നിങ്ങള്‍ക്ക് നാണമില്ലേ? ഒരു നേതാവല്ലേ,കുറച്ചെങ്കിലും ധാര്‍മ്മിക ബോധം ഉണ്ടായിരിക്കണം; പ്രജ്ഞ സിങിനോട് പൊട്ടിത്തെറിച്ച് വിമാനയാത്രക്കാരന്‍

ന്യൂഡല്‍ഹി: വിമാനം വൈകിയതില്‍ ക്ഷുഭിതനായ യാത്രക്കാരന്‍ ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂറിനോട് പൊട്ടിത്തെറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സീറ്റിനെച്ചൊല്ലി പ്രജ്ഞയും വിമാന ജീവനക്കാരും തമ്മിലുള്ള തര്‍ക്കം മൂലം വിമാനം 45 മിനിറ്റാണ് വൈകിയത്. ഇതേതുടര്‍ന്നാണ് സഹയാത്രികന്‍ പ്രജ്ഞയോട് ക്ഷുഭിതനായത്.

ഒരു ജനപ്രതിനിധിക്ക് ചേര്‍ന്ന കീഴ്‌വഴക്കമല്ല പ്രജ്ഞയുടേതെന്ന് സഹയാത്രികന്‍ തുറന്നടിച്ചു. ഡല്‍ഹി ഭോപാല്‍ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വെച്ചായിരുന്നു പ്രജ്ഞയും ജീവനക്കാരും തമ്മില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. വീല്‍ചെയറിലെത്തിയ പ്രജ്ഞയ്ക്ക് എമര്‍ജന്‍സി നിരയിലാണ് ആദ്യം സീറ്റ് നല്‍കിയത്. എന്നാല്‍ എമര്‍ജന്‍സി നിരയില്‍ വീല്‍ചെയറിലുള്ള യാത്രക്കാര്‍ക്കു സീറ്റ് നല്‍കുന്നത് നിയമവിരുദ്ധമായതിനാല്‍ മാറിയിരിക്കണമെന്നു ജീവനക്കാര്‍ പറഞ്ഞതാണു തര്‍ക്കത്തിന് കാരണം.

സീറ്റ് മാറാന്‍ പ്രജ്ഞ വിസമ്മതിക്കുകയും തര്‍ക്കം മിനിറ്റുകളോളം നീണ്ടുപോയതും വിമാനം പുറപ്പെടാന്‍ വൈകി. ഇതോടെ യാത്രക്കാരും അസ്വസ്ഥരായി. ഇതിനിടെയാണ് സഹയാത്രികന്‍ സംഭവത്തില്‍ ഇടപെട്ടത്. ”നിങ്ങള്‍ ഒരു നേതാവാണ്. 50 ഓളം യാത്രക്കാരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതില്‍ നിങ്ങള്‍ക്ക് നാണമില്ലേ?നിങ്ങള്‍ക്ക് കുറച്ചെങ്കിലും ധാര്‍മ്മിക ബോധം ഉണ്ടായിരിക്കണം. നിങ്ങള്‍ കാരണം ഒരു യാത്രക്കാരനാണെങ്കില്‍ പോലും അസ്വസ്ഥത നേരിടുന്നുണ്ടെങ്കില്‍ നിങ്ങള്‍ അത് മനസിലാക്കണം. നിങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്ന് സമ്മതിക്കണം.” യാത്രക്കാരന്‍ പ്രജ്ഞയോട് പറഞ്ഞു.

എന്നാല്‍ യാത്രക്കാരന്റെ വാക്കുകള്‍ പ്രജ്ഞയെ ചൊടിപ്പിച്ചു. ”നിങ്ങളുടെ ഭാഷ നിങ്ങള്‍ ശ്രദ്ധിക്കണം.” എന്നായിരുന്നു യാത്രക്കാരന് പ്രജ്ഞയുടെ താക്കീത്. ”എന്റെ ഭാഷക്ക് ഒരു കുഴപ്പമുവില്ല. ഞാന്‍ നിങ്ങളോട് ബഹുമാനത്തോടും സ്‌നേഹത്തോടും കൂടിയാണ് സംസാരിച്ചത്. ലജ്ജ എന്ന വാക്ക് നല്ല വാക്കാണെന്നും.” യാത്രക്കാരന്‍ മറുപടി നല്‍കി.

ഇതോടെ യാത്രക്കാരും പ്രജ്ഞനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ഒടുവില്‍ വിമാനജീവനക്കാര്‍ ഇടപെട്ടതോടെ സീറ്റ് മാറിയിരിക്കാന്‍ പ്രജ്ഞ നിര്‍ബന്ധിതയായി. 45 മിനിറ്റോളം വൈകിയാണ് വിമാനം യാത്ര തുടര്‍ന്നത്.

Exit mobile version