പൗരത്വ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനങ്ങള്‍ക്കും സാധിക്കില്ല; നിലപാട് അറിയിച്ച മുഖ്യമന്ത്രിമാര്‍ക്കെതിരെ മോഡി

തങ്ങളുടെ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ചിലര്‍ പറയുന്നു.

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉറച്ച നിലപാടെടുത്ത മുഖ്യമന്ത്രിമാര്‍ക്കെതിരെ പ്രധാമനമന്ത്രി നരേന്ദ്ര മോഡി. നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ചിലര്‍ പറയുന്നു. ഇത് സാധ്യമാണോ എന്ന് നിയമവിദഗ്ധരോടോ അഡ്വക്കേറ്റ് ജനറലിനോടോ ചോദിച്ചുനോക്കട്ടെ. മുഖ്യമന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്താനാവില്ല, പ്രധാനമന്ത്രി പറഞ്ഞു. രാജ്യമെങ്ങും നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുമ്പോള്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു.

പൗരത്വ ഭേദഗതി നിയമം മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതാണെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിമാരുടെ തീരുമാനം. പിണറായിയെ കൂടാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് എന്നിവരും നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ മറുപടി.

Exit mobile version