ബിജെപി നേതാക്കള്‍ മോഡിയുടെ അടുത്തേയ്ക്ക് പോകുമ്പോള്‍ ഭാര്യമാര്‍ക്ക് ഭയം, മോഡിയുടെ പാത സ്വീകരിച്ച് ഉപേക്ഷിച്ചാലോ എന്ന്..! വിമര്‍ശിച്ച് മായാവതി

മഹാസഖ്യം തകര്‍ക്കാന്‍ മോഡി എല്ലാ ശ്രമവും നടത്തിയതായും അവര്‍ പറയുന്നു.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് ബിഎസ്പി നേതാവ് മായാവതി. മോഡി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മായാവതി തുറന്നടിച്ചു. മോഡിയുടെ അടുത്ത് ബിജെപി നേതാക്കള്‍ പോകുന്നതിനെ ഭാര്യമാര്‍ ഭയക്കുന്നു. മോഡിയുടെ വഴിയേ തങ്ങളെയും ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കുമോ എന്നാണ് ഭാര്യമാരുടെ ഭയമെന്നുമാണ് മായാവതിയുടെ ആരോപണം.

മഹാസഖ്യം തകര്‍ക്കാന്‍ മോഡി എല്ലാ ശ്രമവും നടത്തിയതായും അവര്‍ പറയുന്നു. ഇപ്പോള്‍ ദളിതരുടെ പേരില്‍ മോഡി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും മായാവതി തുറന്നടിച്ചു. ആല്‍വാര്‍ ബലാത്സംഗക്കേസില്‍ മായാവതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അനുകൂലിക്കുന്ന മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്നും മോഡി തുറന്നടിച്ചിരുന്നു.

സംഭവത്തെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ മായാവതി പിന്‍വലിക്കാനും മോഡി മായാവതിയെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ആല്‍വാറില്‍ ദളിത് യുവതി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ മോഡി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മുന്‍കാലങ്ങളില്‍ ദളിതുകള്‍ക്കെതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോഡി രാജിവെക്കണമെന്നും മായാവതിയും തിരിച്ചടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും മോഡിയെ കടന്നാക്രമിച്ച് മായാവതി രംഗത്തെത്തിയത്.

Exit mobile version