മൂന്ന് ദിവസത്തേയ്ക്ക് പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കണം; വൈറസ് പരാമര്‍ശത്തില്‍ യോഗിക്ക് കമ്മീഷന്റെ വിലക്ക്, മായാവതിക്ക് 48 മണിക്കൂറും!

നാളെ മുതല്‍ വിലക്ക് നിലവില്‍ വരും.

ന്യൂഡല്‍ഹി: മുസ്ലീം ലീഗിനെ വര്‍ഗീയമായി ആക്ഷേപിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മൂന്ന് ദിവസത്തേയ്ക്ക് വിലക്ക്. വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തില്‍ ബിഎസ്പി അധ്യക്ഷ മായാവതിയെയും വിലക്കിയിട്ടുണ്ട്. 48 മണിക്കൂര്‍ നേരത്തേയ്ക്കാണ് വിലക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് രണ്ട് പേര്‍ക്കെതിരെയും കേസ് എടുത്തിരിക്കുന്നത്.

നാളെ മുതല്‍ വിലക്ക് നിലവില്‍ വരും. ജാതിയും മതവും പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന് ആരോപണമുളള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കുമെതിരെ എന്ത് നടപടിയെടുത്തുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. പരിമിതമായ അധികാരമേയുള്ളു എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തിയാല്‍ നോട്ടീസ് നല്‍കാം. മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാം. കേസ് എടുക്കാന്‍ പരാതി നല്‍കാം എന്നതിനപ്പുറത്ത് വ്യക്തികളെ അയോഗ്യരാക്കാന്‍ അധികാരമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കമ്മിഷന്റെ അധികാരങ്ങളെ കുറിച്ച് വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ച കോടതി, എന്തെല്ലാം അധികാരങ്ങളുണ്ടെന്ന് വിശദമായി ബോധ്യപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version