മംഗളൂരുവിലേക്ക് പ്രവേശിക്കരുത്; സിദ്ധരാമയ്യക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി പോലീസ്

മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം കത്തുന്നതിനിടെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് മംഗളൂരുവില്‍ വിലക്ക് ഏര്‍പ്പെടുത്തി മംഗളൂരു പോലീസ്. ശനിയാഴ്ച മംഗളൂരുവിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു പോലീസ് സിദ്ധരാമയ്യക്ക് നോട്ടീസ് അയച്ചു.

പൗരത്വ നിയമ ഭേദഗതിയില്‍ പോലീസ് വെടിവെയ്പ്പും സംഘര്‍ഷവുമുണ്ടായ മംഗളൂരുവിലേക്ക് സിദ്ധരാമയ്യ എത്തിയാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മംഗളൂരുവിലേക്ക് പ്രവേശിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടത്.

അതിനിടെ കര്‍ഫ്യൂ നിലനില്‍ക്കുന്ന മംഗളൂരുവില്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഇന്ന് സന്ദര്‍ശനം നടത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും ഇന്ന് മംഗളൂരുവില്‍ ചേരുന്നുണ്ട്.

അവധി ദിവസമായതിനാല്‍ കൂടുതല്‍ ആളുകള്‍ ഇന്ന് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങുമെന്ന കണക്കുകൂട്ടലില്‍ വലിയ സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. അതിര്‍ത്തി പ്രദേശത്ത് നിന്ന് കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങള്‍ നഗരത്തിലേക്ക് കടത്തിവിടുന്നത്.

സമരം നടത്താന്‍ സംഘടനകള്‍ അനുമതി ആവശ്യപ്പെട്ടാല്‍ നിഷേധിക്കരുതെന്ന് സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതിനാല്‍ കൂടുതല്‍ സംഘടനകള്‍ ഇന്ന് അനുമതി ആവശ്യപ്പെട്ട് എത്തിയേക്കുമെന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് പോലീസ്.

Exit mobile version