പൗരത്വം തെളിയിക്കാന്‍ ജനനത്തീയതിയുള്ള രേഖ സമര്‍പ്പിക്കാം: പ്രതിഷേധം കത്തുന്നതിനിടെ വിശദീകരിച്ച് ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: പൗരത്വ നിയമത്തില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൗരത്വം തെളിയിക്കാന്‍ ജനനത്തീയതി, ജനനസമയം എന്നിവ സംബന്ധിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഇതിലൂടെ ഒരു ഇന്ത്യന്‍ പൗരനും ഏതെങ്കിലും തരത്തില്‍ അസൗകര്യമോ അവഹേളനമോ നേരിടുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.

പൗരത്വം തെളിയിക്കുന്നതിനായി രക്ഷിതാക്കളുടെയോ പൂര്‍വ്വികരുടെയോ 1971ന് മുമ്പുള്ള തിരിച്ചറിയല്‍ രേഖകള്‍ നിലവില്‍ ഇന്ത്യന്‍ പൗരന്‍മാരായിട്ടുള്ളവര്‍ നല്‍കേണ്ട സാഹചര്യമില്ലെന്നും റീട്വീറ്റിലൂടെ ആഭ്യന്തരമന്ത്രാലയം പറയുന്നുണ്ട്.

രേഖകളൊന്നും കൈവശമില്ലാത്ത നിരക്ഷരരായ പൗരന്‍മാര്‍ക്കുവേണ്ടി സമുദായത്തിലെ പ്രതിനിധികളോ അവര്‍ നല്‍കുന്ന രേഖയോ അടിസ്ഥാനമാക്കി പൗരന്‍മാരാണെന്ന് ഉറപ്പുവരുത്താനുള്ള അധികാരം ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരവകുപ്പ് അറിയിക്കുന്നു.

Exit mobile version