പ്രതിദിനം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നത് 300 പേരെന്ന് ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി : പ്രതിദിനം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നത് 300 പേരെന്ന് ആഭ്യന്തരമന്ത്രാലയം. ലോക് സഭയിലെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറ് ലക്ഷത്തോളം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായാണ് അദ്ദേഹം അറിയിച്ചത്.

വിദേശകാര്യ മന്ത്രാലയത്തിന് ലഭ്യമായ വിവരങ്ങള്‍ പ്രകാരം 1,33,83,718 ഇന്ത്യന്‍ പൗരന്മാര്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നുണ്ട്. 2017ല്‍ 1,33,049 പേരും 2018ല്‍ 1,34,561 പേരും 2019ല്‍ 1,44,017 പേരും 2020ല്‍ 85,248 പേരും 2021 സെപ്റ്റംബര്‍ 30 വരെ 1,11,287 പേരുമാണ് പൗരത്വം ഉപേക്ഷിച്ചതെന്ന് മന്ത്രി കഴിഞ്ഞ ദിവസം സഭയെ അറിയിച്ചു.

അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചത് 10,645 പേരാണ്. ഇതില്‍ യുഎസില്‍ നിന്ന് 227ഉം പാകിസ്താനില്‍ നിന്ന് 7782ഉം അഫ്ഗാനിസ്ഥാനില്‍ നിന്ന് 795ഉം ബംഗ്ലദേശില്‍ നിന്ന് 184 അപേക്ഷയുമാണ് ലഭിച്ചത്. ഇതില്‍ 2016ല്‍ 1106ഉം 2017ല്‍ 817ഉം 2018ല്‍ 628ഉം 2019ല്‍ 987ഉം 2020ല്‍ 639ഉം പേര്‍ക്ക് വീതം പൗരത്വം നല്‍കിയിട്ടുണ്ട്.

Exit mobile version