ഹിന്ദുക്കള്‍ക്കായി ഒരു രാജ്യം പോലുമില്ല, മുസ്ലിം രാജ്യങ്ങള്‍ നിരവധിയുണ്ട്; പൗരത്വ നിയമം അനിവാര്യമെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം ഉയരുന്നതിനിടെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ലോകത്ത് നിരവധി മുസ്ലിം രാജ്യങ്ങളുണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് മാത്രമായി ഒരു രാജ്യം പോലുമില്ലെന്ന് ഗഡ്കരി പറഞ്ഞു.

ഹിന്ദുക്കള്‍ക്കായി ഒരു രാജ്യം പോലുമില്ല. മുന്‍പ് ഹിന്ദു രാജ്യമായി നേപ്പാള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരൊറ്റ രാജ്യംപോലും ഹിന്ദുക്കള്‍ക്കായി ഇല്ല. അപ്പോള്‍ ഹിന്ദുക്കളും സിഖ് മതക്കാരും എവിടെ പോകും? മുസ്ലിങ്ങള്‍ക്ക് പൗരത്വം ലഭിക്കുന്ന നിരവധി മുസ്ലിം രാജ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ പൗരത്വ നിയമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഗഡ്കരി ആരോപിച്ചു. ”നമ്മുടെ രാജ്യത്തെ ഒരു മുസ്ലിം പൗരനും ഞങ്ങള്‍ എതിരല്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. വിവേചനത്തിന്റെ രാഷ്ട്രീയത്തിന് എതിരാണ് ഞങ്ങളുടെ സര്‍ക്കാര്‍ എന്ന കാര്യം ഞാന്‍ ഉറപ്പുനല്‍കുകയാണ്”- ഗഡ്കരി പറഞ്ഞു.

Exit mobile version