ഭൂരിപക്ഷത്തിന്റെ ക്ഷമ പരീക്ഷിക്കരുത്, ഗോദ്ര ആവര്‍ത്തിക്കും; പൗരത്വ നിയമ വിഷയത്തില്‍ കലാപ ഭീഷണി മുഴക്കി ബിജെപി മന്ത്രി

ബംഗളുരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുമ്പോള്‍ പ്രതിഷേധിക്കുന്നവര്‍ക്കു നേരെ ഭീഷണി മുഴക്കി കര്‍ണാടക ബിജെപി മന്ത്രി. കര്‍ണാടക സര്‍ക്കാരിലെ ടൂറിസം മന്ത്രിയായ സിടി രവിയാണു കലാപ ഭീഷണി മുഴക്കി രംഗത്ത് വന്നത്. ഭൂരിപക്ഷത്തിന്റെ ക്ഷമ പരീക്ഷിക്കരുത്, ഗോദ്ര മറക്കരുതെന്നായിരുന്നു മന്ത്രിയുടെ ഭീഷണി.

ഇന്ത്യയില്‍ എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നല്‍കിയിട്ടുണ്ട്. അതു മറക്കരുത്. ഭൂരിപക്ഷത്തിനു ക്ഷമ നഷ്ടപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്നു നിങ്ങള്‍ക്കറിയാം. ഗോദ്രയില്‍ എന്താണു സംഭവിച്ചതെന്നു തിരിഞ്ഞുനോക്കുന്നതു നന്നായിരിക്കും. ഇവിടുത്തെ ഭൂരിപക്ഷം അത് ആവര്‍ത്തിക്കാന്‍ ശേഷിയുള്ളവരാണ്. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്- എന്നായിരുന്നു സിടി രവിയുടെ ഭീഷണി.

നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗോദ്രയില്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കലാപം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ ഗോദ്ര പരാമര്‍ശം. അതെസമയം ബിജെപി മന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് പ്രതിപക്ഷം അടക്കം രംഗത്ത് വന്നിട്ടുണ്ട്.

അതിനിടെ പൗരത്വനിയമഭേദഗതിക്കെതിരേ നടക്കുന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളികള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ മംഗ്ലൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വാര്‍ത്തകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.

വെന്റ് ലോക്ക് ആശുപത്രിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ റിപ്പോര്‍ട്ടര്‍മാരും കാമറാമാന്മാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. മംഗളൂരുവിലെ സാഹചര്യങ്ങള് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version