ഭരണഘടനയെ തകര്‍ക്കുന്നു, കാല്‍ചുവട്ടിലെ മണ്ണ് ഇല്ലാതാക്കുന്നു; പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദമുയര്‍ത്തി അരുന്ധതി റോയ്

പ്രധാനമായും നോട്ടുനിരോധനത്തെയാണ് അരുന്ധതി റോയ് വിമര്‍ശിച്ചത്.

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദമുയര്‍ത്തി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. മോഡി സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് അവര്‍ തൊടുത്തത്. നമ്മുടെ ഭരണഘടനയെ തകര്‍ക്കുകയാണെന്നും കാല്‍ചുവട്ടിലെ മണ്ണ് ഇല്ലാതാക്കുകയാണെന്നും അരുന്ധതി റോയ് വിമര്‍ശിച്ചു.

പ്രധാനമായും നോട്ടുനിരോധനത്തെയാണ് അരുന്ധതി റോയ് വിമര്‍ശിച്ചത്. നോട്ടുനിരോധനം നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തുവെന്ന് അവര്‍ തുറന്നടിച്ചു. മൂന്ന് വര്‍ഷം മുമ്പ് നമ്മള്‍ അനുസരണയോടെ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്നു. അന്ന് നോട്ടുനിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് തകര്‍ത്തത്. ഒരു രാത്രി മോഡി നോട്ടുകള്‍ മൂല്യമില്ലാത്തതാണെന്ന് പ്രഖ്യാപിക്കുകയായിരുന്നുവെന്നും അരുന്ധതി പറയുന്നു.

1935ല്‍ ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ നടപ്പാക്കിയ ന്യൂറംബര്‍ഗ് നിയമത്തിന് സമാനമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടപ്പാക്കുന്നതെന്നും അരുന്ധതി തുറന്നടിച്ചു. ഇത് അംഗീകരിച്ചാല്‍ രാജ്യം തകരും. സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. നമ്മള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അരുന്ധതി റോയ് ആവശ്യപ്പെട്ടു.

Exit mobile version