മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കുന്നുവെന്ന് എബിവിപിയുടെ പരാതി, അരുന്ധതിയുടെ പുസ്തകം ഒഴിവാക്കി തമിഴ്‌നാട് സര്‍വ്വകലാശാല, സങ്കടത്തേക്കാളധികം സന്തോഷമെന്ന് പ്രതികരിച്ച് എഴുത്തുകാരി

ചെന്നൈ: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്തകം മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ നിന്നു പിന്‍വലിച്ചു. മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കുന്നുവെന്ന എബിവിപിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. 2017 മുതല്‍ ഇംഗ്ലിഷ് ബിരുദാനന്തര ബിരുദ കോഴ്‌സിന്റെ ഭാഗമായിരുന്ന ‘വോക്കിങ് വിത് ദ് കോമ്രേഡ്‌സ്’ ഒഴിവാക്കിയതില്‍ ഡിഎംകെയും ഇടതുപാര്‍ട്ടികളും പ്രതിഷേധിച്ചു. മാവോയിസ്റ്റ് ഒളിയിടങ്ങള്‍ സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള പുസ്തകം രാജ്യത്തിനെതിരായ സായുധസമരത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് എബിവിപിയുടെ ആരോപണം.

ഇത് പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അറിയിച്ചിരുന്നു. ആര്‍എസ്എസ് പ്രസിദ്ധീകരണമായ ‘ഓര്‍ഗനൈസര്‍’ പുസ്തകത്തെ വിമര്‍ശിച്ചു ലേഖനവുമെഴുതി. എബിവിപിയുടെ മാത്രമല്ല മറ്റു ചിലരുടെയും പരാതി കഴിഞ്ഞയാഴ്ചയാണു ലഭിച്ചതെന്നും തുടര്‍ന്ന്, വിദഗ്ധസമിതിയുടെ പരിശോധനയ്ക്കു ശേഷമാണു നടപടിയെന്നും വൈസ് ചാന്‍സലര്‍ പിച്ചുമണി പറയുന്നു.

വന്യജീവി ഫൊട്ടോഗ്രഫര്‍ എം.കൃഷ്ണന്റെ ‘മൈ നേറ്റീവ് ലാന്‍ഡ്, എസ്സേയ്‌സ് ഓണ്‍ നേച്ചര്‍’ എന്ന പുസ്തകമാണു പകരം ഉള്‍പ്പെടുത്തിയത്. വിദ്യാര്‍ഥികള്‍ എന്തു പഠിക്കണമെന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കുന്നത് അപകടമാണെന്നു ഡിഎംകെ എംപി കനിമൊഴി കുറ്റപ്പെടുത്തി.

കവി വൈരമുത്തു ഉള്‍പ്പെടെയുള്ള പ്രമുഖരും നടപടി പിന്‍വലിക്കണമെന്നാവ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ പ്രതികരിച്ച് അരുന്ധതി റോയിയും രംഗത്തെത്തി. പുസ്തകം ഒഴിവാക്കിയെന്നറിഞ്ഞപ്പോള്‍ സങ്കടത്തേക്കാളധികം സന്തോഷമാണു തോന്നിയതെന്ന് അരുന്ധതി പ്രതികരിച്ചു.

ആ പുസ്തകം പാഠ്യപദ്ധതിയില്‍ ഉണ്ടായിരുന്നെന്നു തന്നെ അറിയില്ലായിരുന്നു. ഇപ്പോഴതു നീക്കം ചെയ്തതില്‍ ഞെട്ടലോ അദ്ഭുതമോ ഇല്ല. നിരോധനങ്ങളോ ശുദ്ധീകരണങ്ങളോ എഴുത്തുകാര്‍ വായിക്കപ്പെടുന്നതിനു തടസ്സമല്ല. ഭരണകൂടത്തിന്റെ സങ്കുചിത മനോഭാവം അവരുടെ അനുയായികള്‍ക്കും ദോഷം ചെയ്യുമെന്നും അരുന്ധതി വ്യക്തമാക്കി.

ലോകത്ത് ആദരണീയവും കുലീനവുമായൊരു ഇടം നേടാന്‍ ശ്രമിക്കുന്ന രാജ്യമെന്ന നിലയില്‍ നമ്മുടെ പൊതു ബൗദ്ധിക ശേഷിയെ അതു പരിമിതപ്പെടുത്തുകയും മുരടിപ്പിക്കുകയും ചെയ്യും- അവര്‍ പറഞ്ഞു.

Exit mobile version