അലിഗഡ് സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധത്തിനു ശേഷവും വാഹനങ്ങൾ തകർത്തത് പോലീസ് തന്നെ; വീഡിയോ പുറത്ത്

ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിലെ പോലീസ് അതിക്രമത്തിന് പിന്നാലെ അലിഗഡ് മുസ്ലിം സർവകലാശാലയിലും ക്യാംപസിനകത്ത് കയറി പോലീസിന്റെ ക്രൂരത. ഞായറാഴ്ച നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനു ശേഷം വിദ്യാർത്ഥികൾ പിൻവാങ്ങിയതോടെ പോലീസ് ഉദ്യോഗസ്ഥർ വാഹനങ്ങൾ കൂട്ടത്തോടെ കർക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. നഗരത്തിലെ റോഡിന്റെ വശങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന ബൈക്കുകൾ പോലീസുദ്യോഗസ്ഥർ തല്ലിത്തകർക്കുന്ന വിഡിയോയാണു പുറത്തുവന്നത്. ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാല വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അലിഗഡിലെ വിദ്യാർത്ഥികൾ നടത്തിയ മാർച്ചിനിടെ പോലീസുമായി ഏറ്റുമുട്ടലുണ്ടായിരുന്നു.

ഡൽഹി ജാമിയ മിലിയ സർവകലാശാല വിദ്യാർഥികൾ നടത്തിയ പ്രതിഷേധ മാർച്ച് തെരുവുയുദ്ധത്തിൽ കലാശിച്ചതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ തീയിട്ടുനശിപ്പിച്ചെന്നാണ് പോലീസ് വാദം. എന്നാൽ വാഹനങ്ങൾക്ക് തീയിട്ടത് പോലീസ് തന്നെയാണെന്ന് വിദ്യാർത്ഥികളും തെളിവുസഹിതം സ്ഥാപിക്കുകയാണ്.

ജാമിയയിൽ പോലീസിനെ ആക്രമിച്ചതു പുറത്തുനിന്നെത്തിയവർ ആണെന്നാണു വിദ്യാർത്ഥികൾ പറയുന്നത്. ഇതിനു പിന്നാലെ അനുമതിയില്ലാതെ ക്യാംപസിൽ കടന്ന പോലീസ് 100 ഓളം വിദ്യാർത്ഥികളെ പിടികൂടി. വിദ്യാർത്ഥികളെയും ജീവനക്കാരെയും പോലീസ് മർദിച്ചതായി സർവകലാശാല അറിയിച്ചു. രാത്രി വൈകി അലിഗഡ് സർവകലാശാലയിൽ വിദ്യാർത്ഥികൾ പ്രതിഷേധം തുടങ്ങിയതോടെ ഗേറ്റിനു സമീപത്തു തടയാൻ പോലീസ് ശ്രമിച്ചു. ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ സർവകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കു പരുക്കേറ്റതായി അലിഗഡ് സർവകലാശാല പ്രൊഫസർ അഫീഫുല്ലാ ഖാൻ പ്രതികരിച്ചു. സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.

Exit mobile version