അസമിനു പുറമെ ബംഗാളിലും പ്രതിഷേധം കത്തിപ്പടരുന്നു! പ്രതിഷേധക്കാര്‍ അഞ്ച് ട്രെയിനുകള്‍ അഗ്നിക്കിരയാക്കി; കേരളത്തിലേക്കുള്ള തീവണ്ടികള്‍ റദ്ദാക്കി

അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങലില്‍ വന്‍ പ്രതിഷേധമാണ് കത്തിപ്പടരുന്നത്. പ്രതിഷേധം ശക്തമായതോടെ ഈ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി.

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങലില്‍ വന്‍ പ്രതിഷേധമാണ് കത്തിപ്പടരുന്നത്. പ്രതിഷേധം ശക്തമായതോടെ ഈ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി.

ബംഗാളിലെ ഹൗറയില്‍ നിന്നും എറണാകുളത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ഹൗറ എക്‌സ്പ്രസ് റദ്ദാക്കി. 17-ാം തീയതി എറണാകുളം ജംഗ്ഷനില്‍ നിന്ന് ഹൗറയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എറണാകുളം- ഹൗറ എക്‌സ്പ്രക്‌സും റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് ഹൗറയിലേക്കുള്ള ഹൗറ എക്‌സ്പ്രസ് എറണാകുളം വരെയാക്കി വെട്ടിച്ചുരുക്കി.12-ാം തീയതി അസമിലെ സില്‍ച്ചാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന സില്‍ച്ചാര്‍ -തിരുവനന്തപുരം എക്‌സ്പ്രസും റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് അസമിനു പുറമെ ബംഗാളിലും പ്രതിഷേധം ശക്തമായത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലെ ലാല്‍ഗൊല റെയില്‍വേസ്റ്റേഷനില്‍ ഇന്ന് വൈകിട്ടുണ്ടായ പ്രക്ഷോഭത്തിനിടെ നിര്‍ത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികള്‍ സമരക്കാര്‍ തീയിട്ടു നശിപ്പിച്ചിരുന്നു. ഇതില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ബംഗ്ലാദേശിന്റെ അതിര്‍ത്തി പ്രദേശമായ മുര്‍ഷിദാബാദ് ജില്ലയില്‍ വന്‍ അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്.

അക്രമാസക്തമായ സമരങ്ങളാണ് പശ്ചിമബംഗാളിന്റെ പലയിടങ്ങളിലും നടക്കുന്നത്. ഗതാഗതം പൂര്‍ണമായി സ്തംഭിച്ച് ഒറ്റപ്പെട്ട നിലയിലാണ്. റോഡ്, റെയില്‍ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. കൊല്‍ക്കത്ത നഗരത്തിലെ ഹൗറയ്ക്ക് അടുത്ത് നൂറ് കണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതിനിടെ ഒരു സംഘമാളുകള്‍ സംക്‌റെയില്‍ റെയില്‍വേ സ്റ്റേഷന്റെ ഒരു ഭാഗത്തിന് തീയിട്ടു. ടിക്കറ്റ് കൗണ്ടറിന് തീയിടാന്‍ ശ്രമിച്ച അക്രമികളെ പോലീസും ആര്‍പിഎഫ് ഉദ്യോഗസ്ഥരും തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ സമരക്കാര്‍ മര്‍ദ്ദിച്ചെന്നാണ് പോലീസ് പറയുന്നത്.

മുര്‍ഷിദാബാദ് ജില്ലയിലെ പൊരാദംഗ, ജാംഗിപൂര്‍, ഫരാക്ക എന്നീ റെയില്‍വേ സ്റ്റേഷനുകളിലും ഹൗറ ജില്ലയിലെ ബാവ്‌രിയ, നല്‍പൂര്‍ സ്റ്റേഷനുകളിലും പ്രതിഷേധക്കാര്‍ തീവണ്ടിട്രാക്കുകള്‍ തടസ്സപ്പെടുത്തിയതിനാല്‍ തീവണ്ടിഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു.

Exit mobile version