ബംഗാളില്‍ പ്രതിഷേധം അക്രമാസസക്തം: അഞ്ച് ട്രെയിനുകളും 15 ബസുകളും കത്തിച്ചു

കൊല്‍ക്കത്ത: പൗരത്വ നിയമത്തിനെതിരായുള്ള പശ്ചിമബംഗാളിലെ പ്രതിഷേധം അക്രമാസസക്തം. മുര്‍ഷിദാബാദിലെ ലാല്‍ഗൊല റയില്‍വേ സ്റ്റേഷനില്‍ വൈകിട്ടുണ്ടായ പ്രക്ഷോഭത്തിനിടെ അഞ്ച് ട്രെയിനുകള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

കൂടാതെ പ്രതിഷേധക്കാര്‍ മൂന്ന് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ അടക്കം 15 ബസുകള്‍ക്കും തീയിട്ടു. യാത്രക്കാരെ ബസുകളില്‍ നിന്ന് ഇറക്കിയ ശേഷമായിരുന്നു ബസുകള്‍ അഗ്‌നിക്കിരയാക്കിയത്. ദക്ഷിണ ബംഗാളിലേയ്ക്കുള്ള ദേയീയപാത- 34 മുര്‍ഷിദാബാദില്‍ പ്രക്ഷോഭകാരികള്‍ തടഞ്ഞത് ഗതാഗതം സ്തംഭിപ്പിച്ചു.

ബംഗ്ലാദേശിന്റെ അതിര്‍ത്തി പ്രദേശമായ മുര്‍ഷിദാബാദ് ജില്ലയില്‍ വന്‍ അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. ഗതാഗതം പൂര്‍ണമായി സ്തംഭിച്ച് ഒറ്റപ്പെട്ട നിലയിലാണ്. റോഡ്, റെയില്‍ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് നിയമവും ഭരണഘടനയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തയ്യാറാവണമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നിയമത്തിനെതിരെ പ്രതിഷേധിച്ച ആയിരങ്ങള്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലുള്ള ബെല്‍ദങ്ക റെയില്‍വെ സ്‌റ്റേഷന്‍ കോംപ്ലക്‌സിന് തീയിട്ടിരുന്നു.

Exit mobile version