രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യാനൊരുങ്ങി ബനാറാസ് ഹിന്ദു സര്‍വകലാശാല; നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസ്

വരാണസി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യാനൊരുങ്ങി ബനാറസ് ഹിന്ദു സര്‍വകലാശാല. ബനാറസ് ഹിന്ദു സര്‍വകലാശാലയ്ക്ക് രാജീവ് ഗാന്ധി ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ഈ തീരുമാനമെടുത്തത്.

ബനാറാസ് ഹിന്ദു സര്‍വകലാശാല ക്യാംപസിലെ സൗത്ത് ബ്ലോക്ക് രാജീവ് ഗാന്ധി ബ്ലോക്കെന്ന പേരിലാണ് അറിയപ്പെടുന്നത്. ഡല്‍ഹി സര്‍വകലാശാലയിലും നോര്‍ത്ത്‌സൗത്ത് ബ്ലോക്കുകളുണ്ടെന്നും എന്നാല്‍ ഇവിടെ മാത്രം പേരുള്ളത് അഭംഗിയാണെന്നുമാണ് ബിഎച്ച്‌യു കോര്‍ട്ടിന്റെ വാദം. അലഹബാദ് ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിയായ ഗിരിധര്‍ മാല്‍വിയ അദ്ധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്.

2006ല്‍ അന്നത്തെ മാനവ വിഭവശേഷി മന്ത്രിയായിരുന്ന അര്‍ജുന്‍ സിങാണ് സൗത്ത് ബ്ലോക്കിന് രാജീവ് ഗാന്ധിയുടെ പേരിട്ടത്. സര്‍വകലാശാല അധികൃതരുടെ പേര് മാറ്റാനുള്ള നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

കോണ്‍ഗ്രസ് ഉള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. നഖശിഖാന്തം തീരുമാനത്തെ എതിര്‍ക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. വിസിയും രജിസ്ട്രാറുമുള്‍പ്പടെ പങ്കെടുത്ത യോഗമാണ് വിവാദ തീരുമാനം കൈക്കൊണ്ടത്.

Exit mobile version