‘രാജീവ് ഗാന്ധി’യല്ല ‘രാജീവ് ഫിറോസ് ഖാനാ’ണ്; മുസ്ലിമാണ്; പാർലമെന്റിൽ വിവാദ പ്രസ്താവനയുമായി ബിജെപി എംപി

ന്യൂഡൽഹി: പാർലമെന്റിൽ രാജീവ് ഗാന്ധിക്കെതിരെ വസ്തുതാ വിരുദ്ധ പരാമർശങ്ങളുമായി ബിജെപി എംപി പർവേശ് വർമ്മ. പ്രധാനമന്ത്രി രാജീവ് ഗാന്ധി മുസ്ലിമാണെന്നും അത് മറച്ചുവെയ്ക്കുകയാണെന്നും പർവേശ് വെർമ്മ ആരോപിച്ചു. രാജീവ് ഫിറോസ് ഖാൻ എന്നാണ് പർവേശ് വെർമ്മ വിശേഷിപ്പിച്ചത്. ഇന്ദിരാ ഗാന്ധി മുസ്ലീമിനെയാണ് വിവാഹം കഴിച്ചതെന്നും അദ്ദേഹം ആവർത്തിച്ചു.

ഇത് രാജീവ് ഫിറോസ് ഖാന്റെ സർക്കാറല്ല, നരേന്ദ്ര മോഡിയുടെ സർക്കാറാണ്. അതുകൊണ്ട് തന്നെ സിഎഎ പിൻവലിക്കാൻ പോകുന്നില്ല. ഷബാനു കേസിൽ സുപ്രീം കോടതി വിധിയെ മറികടക്കാൻ സർക്കാർ നിയമം കൊണ്ടുവന്നത് രാജീവ് ഗാന്ധി മുസ്ലീമായതിനാലാണെന്നും പർവേശ് വെർമ്മ പറഞ്ഞു. ജയ് ശ്രീ റാം എന്ന് വിളിച്ചാൽ പ്രതിപക്ഷത്തിന്റെ പാപം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. പർവേശ് വെർമ്മ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ തന്നെ പ്രതിപക്ഷം സഭ വിട്ടിരുന്നു.

നേരത്തെ ഷഹീൻബാഗ് സമരക്കാർ നിങ്ങളുടെ വീടുകളിൽ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന വിവാദ പരാമർശം നടത്തിയതിന് ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷൻ പർവേശ് വെർമ്മയെ വിലക്കിയിരുന്നു.

Exit mobile version