താങ്കൾ മറന്നോ? ഇന്റർനെറ്റില്ലാതെ താങ്കളുടെ ആശ്വാസ വാക്കുകൾ ആസാം ജനതയ്ക്ക് വായിക്കാനാകില്ല; മോഡിയുടെ ട്വീറ്റിനെ പരിഹസിച്ച് കോൺഗ്രസ്

ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്ന ആസാമിലെ ജനങ്ങളോട് ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റിലൂടെ സന്ദേശം കൈമാറിയതിനെ പരിഹസിച്ച് കോൺഗ്രസ്. ഇന്റർനെറ്റ് ബന്ധം വിഛേദിക്കപ്പെട്ടതിനാൽ ആസാമിലെ സഹോദരങ്ങൾക്ക് മോഡിയുടെ സന്ദേശം വായിക്കാൻ കഴിയില്ല എന്നാണ് കോൺഗ്രസ് റീട്വീറ്റ് ചെയ്തത്.

”ആസാമിലുള്ള നമ്മുടെ സഹോദരീ സഹോദരൻമാർക്ക് താങ്കളുടെ സമാശ്വാസ സന്ദേശം വായിക്കാൻ കഴിയില്ല. അവരുടെ ഇൻറർനെറ്റ് ബന്ധം വിഛേദിക്കപ്പെട്ടതാണെന്ന് താങ്കൾ മറന്നുപോയി” എന്നാണ് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചത്.

‘പൗരത്വ ഭേദഗതി ബിൽ പാസാക്കിയത് കൊണ്ട് ആസാമിലെ സഹോദരങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ഉറപ്പ് നൽകുന്നു. നിങ്ങളുടെ അവകാശങ്ങളും അസ്ഥിത്വവും സംസ്‌കാരവും അപഹരിക്കില്ല. ആസാം ജനതയുടെ രാഷ്ട്രീയവും ഭാഷാ വൈവിധ്യവും ഭൂമി അവകാശങ്ങളും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണ്’-എന്നായിരുന്നു മോദിയുടെ ട്വിറ്റർ സന്ദേശം. പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ഇരമ്പുകയാണ്. പ്രതിഷേധം ഭയന്ന് അസമിൽ കർഫ്യു ഏർപ്പെടുത്തുകയും ഇൻറർനെറ്റ് ബന്ധം വിഛേദിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version