പൗരത്വ ഭേദഗതി ബിൽ നിയമമാകാൻ വേണ്ടത് രാഷ്ട്രപതിയുടെ ഒപ്പ് മാത്രം; അനുകൂലിച്ച എംപിമാരെ അഭിനന്ദിച്ച് മോഡി

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലും പാസായതോടെ ഇനി ഈ ബില്ല് നിയമമായി മാറാൻ ഇനി വേണ്ടത് രാഷ്ട്രപതിയുടെ ഒപ്പ് മാത്രം. അതേസമയം, കടുത്ത എതിർപ്പിന് ഇടയിലും പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കിയതിന് പിന്നാലെ എംപിമാർക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി വിഷയത്തിൽ പ്രതികരിക്കുകയും ചെയ്തു. 105-നെതിരെ 125-വോട്ടുകൾക്കാണ് പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്. ബില്ലിൽ പ്രതിഷേധിച്ച് ശിവസേന ഇറങ്ങിപ്പോയി.

നേരത്തെ ലോക്‌സഭയും ബിൽ പാസാക്കിയിരുന്നു. പുതിയ നിയമപ്രകാരം പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31 വരെ ഇന്ത്യയിൽ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യൻ, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമതവിഭാഗങ്ങളിൽപ്പെട്ട അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. പൗരത്വ നിയമ ഭേദഗതി ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടെടുപ്പിനിട്ട് സഭ തള്ളിയിരുന്നു. 44 ഭേദഗതി നിർദേശങ്ങളാണ് ബില്ലിൻമേൽ വന്നത്. എന്നാൽ ഇവയെല്ലാം രാജ്യസഭ വോട്ടിനിട്ട് തള്ളി. ലോക്‌സഭയിൽ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന രാജ്യസഭയിൽ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരായ കെകെ രാഗേഷ്, എളമരം കരീം, അബ്ദുൾ വഹാബ്, ബിനോയ് വിശ്വം, സോമപ്രസാദ് എന്നിവരെല്ലാം ഭേദഗതി നിർദേശം നൽകിയെങ്കിലും ഇവയെല്ലാം വോട്ടിനിട്ട് തള്ളി.

പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്ത് നിന്ന് ഉയരുന്നത്. ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗും കോൺഗ്രസും അറിയിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതികരിച്ചു.

Exit mobile version