വീണ്ടും ചതിച്ച് ക്രെഡിറ്റ് കാർഡ്; ഇൻഫോസിസ് സഹസ്ഥാപകന്റെ മകൾക്ക് നഷ്ടമായത് മൂന്ന് ലക്ഷം രൂപ!

ബംഗളൂരു: വീണ്ടും രാജ്യത്ത് ക്രെഡിറ്റ് കാർഡ് തട്ടിപ്പ്. ഇൻഫോസിസ് സഹസ്ഥാപകൻ എസ്ഡി ഷിബുലാലിന്റെ മകൾ ശ്രുതി ഷിബുലാലിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡിലെ പണമാണ് നഷ്ടമായത്. മൂന്നുലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് ശ്രുതി പരാതിപ്പെട്ടിരിക്കുന്നത്. ശ്രുതി ഷിബുലാലിന്റെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന ക്രെഡിറ്റ് കാർഡിൽനിന്നാണ് പണം നഷ്ടപ്പെട്ടത്.

അയർലാൻഡിലെ എടിഎമ്മിൽ നിന്നാണ് പണം പിൻവലിക്കപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. കമ്പനിയുടെ ഫിനാൻഷ്യൽ കൺട്രോളർ നാഗേന്ദ്ര പ്രശാന്താണ് കാർഡ് കൈകാര്യം ചെയ്തിരുന്നത്. ഡിസംബർ ഒന്നിന് വൈകീട്ട് 5.20-നും രണ്ടിന് പുലർച്ചെ 1.04-നും ഇടയിൽ 60,000 രൂപ വീതം അഞ്ചു തവണകളായിട്ടാണ് പിൻവലിച്ചത്. പണം പിൻവലിക്കപ്പെട്ടത് മനസ്സിലാക്കിയതോടെ നാഗേന്ദ്ര കാർഡ് ‘ബ്ലോക്ക്’ചെയ്തു. നാഗേന്ദ്രയാണ് ഡിസംബർ രണ്ടിന് ജയനഗർ പോലീസിൽ പരാതി നൽകിയത്.

കാർഡ് രജിസ്റ്റർചെയ്തപ്പോൾ നാഗേന്ദ്രയുടെ മൊബൈൽ നമ്പറാണ് കൊടുത്തിരുന്നത്. പണം പിൻവലിക്കപ്പെട്ടപ്പോൾ ഒടിപി ലഭിച്ചില്ലെന്ന് നാഗേന്ദ്ര പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണെന്നും അടുത്തകാലത്ത് കാർഡ് ഉപയോഗിച്ചത് എവിടെയൊക്കെയാണെന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

Exit mobile version