ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നാളെ മുതല്‍ മാറ്റം!

ഇന്ന് എല്ലാവരും ഓണ്‍ലൈന്‍ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. ബാങ്കിങ് സേവനങ്ങള്‍ക്കെല്ലാം ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ പ്രീപെയ്ഡ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ് ഏറെയും.

പലപ്പോഴും കാര്‍ഡുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കാര്‍ഡ് നല്‍കുന്ന ഇഷ്യൂവര്‍/ ബാങ്ക് തന്നെ നെറ്റ് വര്‍ക്ക് തെരഞ്ഞെടുത്ത് നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ നാളെ മുതല്‍ ഇതിന് മാറ്റം വരികയാണ്.

ഒക്ടോബര്‍ 1 മുതല്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ നെറ്റ്വര്‍ക്ക് ദാതാവിനെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ലഭിക്കും.2023 ജൂലൈ 5-ന് പുറപ്പെടുവിച്ച കരട് സര്‍ക്കുലറില്‍, ആര്‍ബിഐ കാര്‍ഡ് ഇഷ്യൂവര്‍മാരോട്, ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം കാര്‍ഡ് ചോയ്സ് അനുവദിക്കാനും അവരുടെ കാര്‍ഡുകള്‍ക്കായി അവരുടെ ഇഷ്ടപ്പെട്ട നെറ്റ്വര്‍ക്ക് വിതരണക്കാരെ തിരഞ്ഞെടുക്കാന്‍ അനുവദിക്കാനും ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

കാര്‍ഡ് ഇഷ്യൂവര്‍ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം കാര്‍ഡ് നെറ്റ്വര്‍ക്കുകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കും. ആര്‍ബിഐ നിര്‍ദേശ പ്രകാരം കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സമയത്തോ പുതുക്കുമ്പോഴോ ഉപഭോക്താക്കള്‍ക്ക് ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

അതായത്, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് പുതുക്കുമ്പോള്‍, നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് അല്ലെങ്കില്‍ പുതിയ കാര്‍ഡ് എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട കാര്‍ഡ് നെറ്റ്വര്‍ക്ക് ദാതാവിനെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ലഭ്യമായിരിക്കും.

വിസ, മാസ്റ്റര്‍കാര്‍ഡ്, റുപേ മുതലായ ഏതെങ്കിലും കാര്‍ഡ് നെറ്റ്വര്‍ക്കുകളുമായി നിങ്ങളുടെ ബാങ്കിന് സാധാരണയായി ഒരു പ്രത്യേക കരാര്‍ ഉണ്ടായിരിക്കും. അതിനാല്‍ ബാങ്കുകള്‍ ഈ നെറ്റ്വര്‍ക്കുകളുടെ കാര്‍ഡുകള്‍ നല്‍കുന്നു.

അമേരിക്കന്‍ എക്‌സ്പ്രസ് ബാങ്കിംഗ് കോര്‍പ്പറേഷന്‍, ഡൈനേഴ്‌സ് ക്ലബ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, മാസ്റ്റര്‍കാര്‍ഡ് ഏഷ്യ/പസഫിക് പി.ടി.ഇ. ലിമിറ്റഡ്, നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ – റുപേ, വിസ വേള്‍ഡ് വൈഡ് ലിമിറ്റഡ് തുടങ്ങി ഇന്ത്യയില്‍ ഇപ്പോള്‍ അഞ്ച് കാര്‍ഡ് നെറ്റ്വര്‍ക്കുകളാണുള്ളത്.

Exit mobile version