ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കൈക്കൊള്ളും; സൗദി

വിസാ കാര്‍ഡുകള്‍ ഒറ്റയടിക്ക് നിരസിക്കുന്ന പോയിന്റ് ഓഫ് സെയില്‍ ഉപകരണങ്ങളാണ് ചില വ്യാപാര സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത്

റിയാദ്: സൗദിയില്‍ വിസാ കാര്‍ഡ് അടക്കമുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് സൗദിയിലെ വാണിജ്യ, നിക്ഷേപ മന്ത്രാലയം. ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങളെ കുറിച്ച് അറിയിക്കണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താവില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിച്ച് സേവനങ്ങള്‍ നല്‍കണം. ഇത് എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കും. കാര്‍ഡുകള്‍ സ്വീകരിക്കുന്നതിന് വിസമ്മതിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറില്‍ പരാതി നല്‍കണമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം ആവശ്യപ്പെട്ടു.

വ്യാപാര സ്ഥാപനങ്ങള്‍ കാര്‍ഡുകള്‍ സ്വീകരിക്കുന്നില്ലെന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്നതോടെയാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിസാ കാര്‍ഡുകള്‍ ഒറ്റയടിക്ക് നിരസിക്കുന്ന പോയിന്റ് ഓഫ് സെയില്‍ ഉപകരണങ്ങളാണ് ചില വ്യാപാര സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത്. ഉപഭോക്താവിന്റ അവകാശം നിഷേധിക്കുന്നത് നിയമ ലംഘനമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Exit mobile version