ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം, പിന്നീട് പ്രണയം; കാമുകനെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, ഒടുവില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ എടിഎം കാര്‍ഡ് കവര്‍ന്ന് യുവാവ്! സംഭവം ഇങ്ങനെ

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത നേരം നോക്കി എത്തി അമ്മയുടെ എടിഎം കാര്‍ഡും പണവും മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് തങ്ങള്‍സ് റോഡ് ചാപ്പയില്‍ തലനാര്‍തൊടുകയില്‍ അറഫാ (19)നെയാണ് പോലീസ് പിടികൂടിയത്.

മാത്തോട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മയുടെ എ.ടി.എം. കാര്‍ഡാണ് പ്രണയം നടിച്ച് വീട്ടിലെത്തിയ ഇയാള്‍ കൈക്കലാക്കിയത്. ഇയാള്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇരുവരും പിന്നീട് പ്രണയത്തിലായി. വീട്ടില്‍ ആരുമില്ലാത്ത നേരത്ത് പെണ്‍കുട്ടി അര്‍ഫാനെ വീട്ടിലേക്കു ക്ഷണിച്ചു. വീട്ടിലെത്തിയ അര്‍ഫാന്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കിടപ്പുമുറിയിലെത്തി.

അവിടെ അവരുടെ ബാഗിലുണ്ടായിരുന്ന നാല് എടിഎം കാര്‍ഡുകളും പണവും മോഷ്ടിച്ചു. ഇക്കാര്യം പെണ്‍കുട്ടിയും അറിഞ്ഞില്ല. ബന്ധുക്കള്‍ വീട്ടിലെത്താന്‍ നേരമായപ്പോള്‍ അര്‍ഫാന്‍ വീട്ടില്‍നിന്നു പുറത്തേക്കു പോയി. പിന്നീട് എ.ടി.എം. കാര്‍ഡ് സൂക്ഷിച്ച കവറിനുള്ളിലുണ്ടായിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ച് മൂന്ന് എ.ടി.എം. കൗണ്ടറുകളില്‍ നിന്നായി 45,500 രൂപയാണ് ഇയാള്‍ കവര്‍ന്നത്.

മൂന്ന് ദിവസത്തിന് ശേഷം കാര്‍ഡ് തിരികെ വീട്ടില്‍ കൊണ്ടുവെയ്ക്കുകയും ചെയ്തു. ഇതിനിടെ, പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പണം പിന്‍വലിച്ചെന്ന സന്ദേശം ഫോണില്‍ വന്നപ്പോഴാണ് എടിഎം കാര്‍ഡ് നഷ്ടപ്പെട്ട വിവരം കല്ലായി സ്വദേശിയായ വീട്ടമ്മ അറിയുന്നത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എടിഎം അടങ്ങുന്ന ബാഗുമായി എവിടെയും പോയില്ലെന്നും വീട്ടില്‍ മോഷണം നടന്നിട്ടുണ്ടെന്നും വീട്ടമ്മ പറഞ്ഞു.

എന്നാല്‍ മറ്റു വിലകൂടിയ സാധനങ്ങള്‍ ഒന്നും തന്നെ നഷ്ടപെട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു. ഇതിനിടെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് മാറ്റി നിര്‍ത്തി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ചുരുള്‍ അഴിഞ്ഞത്. പണം പിന്‍വലിച്ച എ.ടി.എം. കൗണ്ടറുകളിലെ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് അറഫാനാണ് പണം കവര്‍ന്നതെന്ന് മനസ്സിലായത്. തുടര്‍ന്ന് കസബ എസ്.ഐ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരേ മറ്റുകേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

Exit mobile version