മോഷണത്തിന് ‘ നല്ല സമയം’ പറഞ്ഞു തരാന്‍ ആവശ്യപ്പെട്ട് ജോത്സ്യന്റെ അരികിലെത്തി, മുഹൂര്‍ത്തം കുറിച്ച് നല്‍കി ജോത്സ്യന്‍! അറസ്റ്റ്

നഗരത്തിന് പുറത്ത് താമസിക്കുന്ന ബിസിനസുകാരനായ സാഗര്‍ ഗോഫനെ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്.

മഹാരാഷ്ട്ര: വീട്ടില്‍ അതിക്രമിച്ച് കയറി ഒരു കോടി രൂപ കവര്‍ന്ന കേസില്‍ 5 കള്ളന്‍ന്മാരേയും കവര്‍ച്ചയ്ക്ക് വേണ്ടി സമയം കുറിച്ച് നല്‍കിയ ജോത്സ്യനെയും പോലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ ബാരാമതിയിലാണ് വിചിത്രമായ സംഭവം നടന്നത്. നഗരത്തിന് പുറത്ത് താമസിക്കുന്ന ബിസിനസുകാരനായ സാഗര്‍ ഗോഫനെ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്.

വീട്ടില്‍ അതിക്രമിച്ച് കയറിയ കവര്‍ച്ചാ സംഘം സാഗറിനെ അടിച്ച് വീഴ്ത്തി ഭാര്യയെ കെട്ടിയിട്ട് വായില്‍ തുണി തിരുകിയ ശേഷം ഒരു കോടിയോളം രൂപ മോഷ്ടിച്ചെന്നാണ് പരാതി. 95 ലക്ഷം രൂപയും 11 ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

സാഗറിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് മോഷ്ടാക്കള്‍ക്കായി വ്യാപക അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ് 5 പേരടങ്ങുന്ന സംഘം പിടിയിലാകുന്നത്. സച്ചിന്‍ ജഗ്ധാനെ, റെയ്ബ ചവാന്‍, രവീന്ദ്ര ഭോസാലെ, ദുര്യോധനന്‍ എന്ന ദീപക് ജാദവ്, നിതിന്‍ മോര്‍ എന്നിവരാണ് പിടിയിലായ അഞ്ച് പേര്‍.

പ്രതികളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് മുന്നെ നല്ല സമയം തേടി ജോത്സ്യനെ സമീപിച്ചതായി അറിയുന്നത്. ജോത്സ്യന്‍ കുറിച്ച് തന്ന സമയത്താണ് മോഷണം നടത്തിയതെന്നും മോഷ്ടാക്കള്‍ പോലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്ന് ജോത്സ്യന്‍ രാമചന്ദ്ര ചാവയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മോഷ്ടിക്കപ്പെട്ട പണത്തില്‍ 75 ലക്ഷം രൂപ തിരിച്ച് പിടിച്ചതായും പൂനെ റൂറല്‍ പേലീസ് വ്യക്തമാക്കി.

Exit mobile version