ഭക്ഷണം വാങ്ങാനെന്ന വ്യാജേനയെത്തി; കിടപ്പുമുറിയില്‍ കയറി സ്വര്‍ണ്ണമാലയും പണവും മോഷ്ടിച്ചു, യുവാവ് അറസ്റ്റില്‍

താമരക്കുളം നാലുമുക്ക് മര്‍ഹബ വീട്ടില്‍ഉസ്മാന്‍ റാവുത്തരുടെ വീട്ടില്‍ നിന്നാണ് പണവും സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ചത്.

arrest

ചാരുംമൂട്: വീടിനോട് ചേര്‍ന്നുള്ള ഹോട്ടലില്‍ ഭക്ഷണം വാങ്ങാനെന്ന വ്യാജേനയെത്തി സ്വര്‍ണ്ണമാലയും പണവും മോഷ്ടിച്ച യുവാവ് പിടിയില്‍. താമരക്കുളം കീരിവിളയില്‍ അല്‍ത്താഫ് (19) നെയാണ് നൂറനാട് സിഐ പി ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്.

താമരക്കുളം നാലുമുക്ക് മര്‍ഹബ വീട്ടില്‍ഉസ്മാന്‍ റാവുത്തരുടെ വീട്ടില്‍ നിന്നാണ് പണവും സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ചത്. ഇയാളുടെ വീടിനോട് ചേര്‍ന്ന് നടത്തുന്ന അല്‍ഹംദാന്‍ എന്ന ഹോട്ടലില്‍ ഭക്ഷണം വാങ്ങാനെന്ന വ്യാജേന വന്ന ശേഷമാണ് പ്രതി കിടപ്പുമുറിയില്‍ കടന്ന് പണവും സ്വര്‍ണാഭരണങ്ങളും അഞ്ചു പാസ്‌പോര്‍ട്ടുകളും അടങ്ങുന്ന പെട്ടി മോഷ്ടിച്ച് കടന്നു കളഞ്ഞത്.

പ്രതി കടയില്‍ നിന്നും പോയതിനു ശേഷമാണ് ഉസ്മാന്‍ റാവുത്തര്‍ മോഷണ വിവരം അറിയുന്നത്. പരാതി ലഭിച്ചതോടെ നൂറനാട് പോലീസ് സിസി ടിവികളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അല്‍ത്താഫാണ് മോഷണം നടത്തിയതെന്ന് മനസ്സിലാക്കിയത്.

തുടര്‍ന്ന് നടത്തിയ അന്വോഷണത്തില്‍ ഇയാള്‍ മുംബൈയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. മുംബൈയില്‍നിന്നും മടങ്ങിവരും വഴി ചെങ്ങന്നൂര്‍ ടൗണില്‍ വെച്ചാണ് അല്‍ത്താഫിനെ പോലീസ് പിടികൂടിയത്. മോഷ്ടിച്ച ഒന്നര പവന്‍ സ്വര്‍ണവും അഞ്ച് പാസ്‌പോര്‍ട്ടുകളും മറ്റു രേഖകളും അടങ്ങിയ പെട്ടി താമരക്കുളത്തെ ആളാഴിത്ത വീട്ടില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. അല്‍ത്താഫ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പോലീസ് പറഞ്ഞു.

Exit mobile version