നിങ്ങള്‍ ഇത്തരത്തിലൊരു തെറ്റു ചെയ്താല്‍ കോടതി വിചാരണയോ, തടവുശിക്ഷയോ ഒന്നുമല്ല ഉണ്ടാകുക; നിങ്ങളെ കാത്തിരിക്കുന്നത് എന്‍കൗണ്ടര്‍ ആയിരിക്കും; തെലങ്കാന മന്ത്രി

ഹൈദരാബാദ്: ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗ ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച പോലീസ് നടപടിയെ ന്യായീകരിച്ച് തെലങ്കാന മന്ത്രി രംഗത്ത്. മന്ത്രി തലസനി ശ്രീനിവാസ യാദവാണ് പോലീസ് നടപടിയെ പ്രശംസിച്ച് രംഗത്ത് വന്നത്.

ഇത്തരത്തില്‍ ഹീനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കൊരു താക്കീതാണ് പോലീസ് നടപടിയെന്ന് തലസനി ശ്രീനിവാസ യാദവ് പറഞ്ഞു. അവര്‍ക്ക് ഇതൊരു പാഠമാകുമെന്ന് കരുതുന്നു. സംഭവത്തിന്റെ മുഴുവന്‍ ക്രെഡിറ്റും മുഖ്യമന്ത്രിക്കാണെന്നും തലസനി ശ്രീനിവാസ യാദവ് കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ ഇത്തരത്തിലൊരു തെറ്റു ചെയ്താല്‍ കോടതി വിചാരണയോ, തടവുശിക്ഷയോ ഒന്നുമല്ല ഉണ്ടാവുക. ജാമ്യം ലഭിച്ച് കേസ് നീട്ടിക്കൊണ്ടുപോകാമെന്നും കരുതേണ്ട. ഇത്തരത്തില്‍ ക്രൂരകൃത്യം ഉണ്ടായാല്‍ അവരെയെല്ലാം ഒരു എന്‍കൗണ്ടര്‍ കാത്തിരിപ്പുണ്ടെന്ന സന്ദേശമാണ് സംഭവം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രതികള്‍ക്കെതിരായ പോലീസ് നടപടി മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണെന്നും തലസനി ശ്രീനിവാസ യാദവ് പറഞ്ഞു. പ്രതികളെ ഉടനടി ശിക്ഷിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇത് രാജ്യത്തിന് നല്‍കുന്ന ഒരു മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്ഷേമപദ്ധതികള്‍ മാത്രമല്ല, കടുത്ത നടപടികളിലൂടെ ക്രമസമാധാനം നിലനിര്‍ത്തേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് തെലങ്കാന മന്ത്രി ശ്രീനിവാസ റെഡ്ഡി പറഞ്ഞു. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പോലീസ് നടപടി വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം പലയിടങ്ങളില്‍ നിന്നായി ഉയരുന്നതിനിടെയാണ് ഇത് ശരി വെയ്ക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി ഒരു മന്ത്രി തന്നെ രംഗത്ത് വന്നിരിക്കുന്നത്.

Exit mobile version