നിത്യാനന്ദയ്ക്ക് ‘സ്വന്തം രാജ്യമില്ല’: അഭയവും ഭൂമിയും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി ഇക്വഡോര്‍, ഹെയ്തിയിലേക്ക് കടന്നതായി സംശയം

ന്യൂഡല്‍ഹി: ബലാത്സംഗം ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതിയായ വിവാദ ആള്‍ദൈവം നിത്യാനന്ദയക്ക് രാഷ്ട്രീയാഭയം നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇക്വഡോര്‍. നിത്യാനന്ദയ്ക്ക് ഭൂമി വാങ്ങാന്‍ സഹായം നല്‍കിയിട്ടില്ലെന്നും എക്വഡോര്‍ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

സൗത്ത് അമേരിക്കയില്‍ ഏതെങ്കിലും ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും അഭയം നല്‍കണമെന്നുള്ള നിത്യാനന്ദയുടെ അഭ്യര്‍ഥന തള്ളിയതായും ഇക്വഡോര്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, നിത്യാനന്ദ പിന്നീട് ഹെയ്തിയിലേക്ക് പോയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിത്യാനന്ദയുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുന്നതെന്നും മേലില്‍ ഈ വിവാദങ്ങളില്‍ നിന്ന് ഇക്വഡോറിന്റെ പേര് ഒഴിവാക്കണമെന്നും എംബസി പറയുന്നു.

ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ താന്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള നിത്യാനന്ദയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെയാണ് എംബസി വിശദീകരണവുമായി രംഗത്തെത്തിയത്.

‘ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം’ എന്നാണ് കൈലാസയെ കുറിച്ച് നിത്യാനന്ദ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിതെന്നും നിത്യാനന്ദയുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നു.

നിത്യാനന്ദയുടെ വെബ്സൈറ്റ് 2018 ഒക്ടോബറിലാണ് നിര്‍മ്മിച്ചത്. പാനമയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇതിന്റെ ഐപി അമേരിക്കയിലെ ഡാലസിലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവസാനമായി അപ്ഡേറ്റ് ചെയ്യപ്പെട്ടത് 2019 ഒക്ടോബറിലാണെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നു.

ബലാത്സംഗ കേസില്‍ അറസ്റ്റുണ്ടാവുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പാസ്പോര്‍ട്ട് പോലുമില്ലാത്ത നിത്യാനന്ദ ഇന്ത്യ വിട്ടത്. ഇക്കാര്യം ഗുജറാത്ത് പോലിസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇയാളുടെ പാസ്പോര്‍ട്ടിന്റെ കാലാവധി 2018 സെപ്തംബറില്‍ അവസാനിച്ചിരുന്നു.

രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ പാര്‍പ്പിക്കുന്നുവെന്ന കേസില്‍ നിത്യാനന്ദയ്ക്കെതിരേ പോലീസ് അന്വേഷണം നടക്കുകയാണ്.

Exit mobile version