മഹാരാഷ്ട്രയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ മോഡി അഭ്യര്‍ത്ഥിച്ചു, മകളെ കേന്ദ്രമന്ത്രിയാക്കാമെന്നും വാഗ്ദാനം നല്‍കി; ശരദ് പവാര്‍

തന്നെ രാഷ്ട്രപതിയാക്കാമെന്നുള്ള വാഗ്ദാനമൊന്നും ഉണ്ടായിട്ടില്ല.

മുംബൈ: മഹാരാഷ്ട്രയില്‍ ഒറ്റ രാത്രി അരങ്ങേറിയ നാടകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. മഹാരാഷ്ട്രയില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കൂടാതെ മകള്‍ സുപ്രിയ സുലെയെ കേന്ദ്രമന്ത്രിയാക്കാമെന്നും മോഡി വാഗ്ദാനം ചെയ്തതായും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ അത് നിരസിച്ചുവെന്നും ഒരു മറാഠി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

തന്നെ രാഷ്ട്രപതിയാക്കാമെന്നുള്ള വാഗ്ദാനമൊന്നും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുമായുള്ള വ്യക്തിബന്ധം തുടരാനാണ് ആഗ്രഹം. ബിജെപിയുമായി സഖ്യം ആഗ്രഹിക്കുന്നില്ലെന്ന് മോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നുവെന്നും പവാര്‍ പറയുന്നു.

മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി ശിവസേന ഇടഞ്ഞതോടെ മഹരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപവത്കരണം പ്രതിസന്ധിയിലാകുകയും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ത്രികക്ഷിസര്‍ക്കാര്‍ രൂപവത്കരണചര്‍ച്ചകള്‍ സജീവമാകുകയും ചെയ്തവേളയിലാണ് നരേന്ദ്ര മോഡി പവാറുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

Exit mobile version