മഹാരാഷ്ട്ര ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഭരിക്കും: അഞ്ചുവര്‍ഷം ഭരിക്കും; ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി–കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുന്നതു വരെ ഭരിക്കുമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യക്തമാക്കി.

സഖ്യസര്‍ക്കാര്‍ ആറുമാസം പോലും ഭരണത്തില്‍ തുടരില്ലെന്ന മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു പവാര്‍. ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിക്കും. അത് ഉറപ്പുവരുത്തും.

ദേവേന്ദ്ര ഫഡ്‌നാവിസിനെ വര്‍ഷങ്ങളായി അറിയാമെന്നും എന്നാല്‍ അദ്ദേഹം ജ്യോതിഷം പഠിച്ചുണ്ടെന്ന കാര്യം അറിയില്ലായിരുന്നെന്നും പവാര്‍ പരിഹസിച്ചു. മുഖ്യമന്ത്രിസ്ഥാനത്തിന്റെ പേരില്‍ എന്‍ഡിഎയില്‍ നിന്ന് പുറത്തുവന്ന ശിവസേനയുടെ അന്തസ് സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അതിനാല്‍ മുഖ്യമന്ത്രി അവരുടേതായിരിക്കുമെന്നും മുതിര്‍ന്ന എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു.

‘മൂന്നു പാര്‍ട്ടികളും ചേര്‍ന്ന് പൊതുമിനിമം പരിപാടി തയ്യാറാക്കി പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. തൊഴിലില്ലായ്മയ്ക്കും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കുമാണ് എന്‍സിപി പ്രധാന പരിഗണന നല്‍കുന്നത്. എത്രയും വേഗം സര്‍ക്കാര്‍ രൂപീകരിക്കും’- നവാബ് മാലിക് വ്യക്തമാക്കി.

അതേസമയം അഞ്ചുവര്‍ഷവും ശിവസേന തന്നെയാണോ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നതെന്നും എന്‍സിപിയും കോണ്‍ഗ്രസും ഉപമുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കുമോ എന്നും നവാബ് മാലിക് വെളിപ്പെടുത്തിയില്ല.

Exit mobile version