ബിജെപി എൻസിപിയെ കണ്ട് പഠിക്കണം; രാജ്യസഭയിൽ എൻസിപിയെ പുകഴ്ത്തി രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ച് മോഡി

ന്യൂഡൽഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തെ വീണ്ടും കലക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുതിയ തന്ത്രം. മഹാരാഷ്ട്രയിൽ ബിജെപിയെ മറികടന്നു സർക്കാരുണ്ടാക്കാനുള്ള തീവ്രശ്രമം നടത്തുന്ന എൻസിപിയെ അത്ഭുതപ്പെടുത്തി രാജ്യസഭയിൽ വാഴ്ത്തലുമായാണ് മോഡി രംഗത്തെത്തിയത്.

ഇന്ന് എൻസിപി, ബിജെഡി എന്നീ രണ്ടു പാർട്ടികളെ അഭിനന്ദിക്കാൻ ആഗ്രഹിക്കുകയാണ്. രണ്ടു പാർട്ടികളും പാർലമെന്ററി ചട്ടങ്ങളോട് അത്ഭുതകരമായി ചേർന്ന് നിൽക്കുന്നവരാണ്. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ ഈ രണ്ടു പാർട്ടികളും ശ്രമിച്ചിട്ടില്ല. എന്നാൽ പറയാനുള്ളതു വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യും. എന്റെ പാർട്ടിയായ ബിജെപി ഉൾപ്പെടെ എല്ലാ പാർട്ടികളും ഇവരിൽനിന്നു പഠിക്കേണ്ടതാണ്’- മോഡി പറഞ്ഞു.

രാജ്യസഭയുടെ 250-ാം സെഷന്റെ ഭാഗമായുള്ള പ്രത്യേക സംവാദത്തിലായിരുന്നു മോഡിയുടെ വാഴ്ത്തൽ. അതേസമയം, മഹാരാഷ്ട്രയിൽ ശിവസേനയെയും കോൺഗ്രസിനെയും ഒരുമിച്ച് നിർത്തി സർക്കാർ രൂപീകരിക്കാനുള്ള പരിശ്രമത്തിലാണ് എൻസിപിയും നേതാവായ ശരദ് പവാറും. ഈ സാഹചര്യത്തിലാണു പവാറിന്റെ പാർട്ടിയെ പുകഴ്ത്തി മോഡി രംഗത്തുവന്നത് എന്നതും ശ്രദ്ധേയമായി. കേന്ദ്ര സർക്കാരിൽനിന്നു പവാറിനു സമ്മർദ്ദമുള്ളതായാണ് എൻസിപിക്ക് ഉള്ളിലെ തന്നെ സംസാരം. മുതിർന്ന നേതാക്കളായ അജിത് പവാർ, പ്രഫുൽ പട്ടേൽ എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളുള്ളത് പവാറിനെ പിന്നോട്ടടിക്കുന്നു എന്നാണു സംസാരം.

Exit mobile version