‘മനുഷ്യത്വരഹിതമായ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹം മുന്‍കൈ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’; വെറ്റിനറി ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സിനിമാ താരങ്ങള്‍

ഈ കൊടുംകുറ്റവാളികളുമായ താരതമ്യം വന്യജീവികള്‍ക്ക് വരെ നാണക്കേടാണ്

തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സിനിമാ താരങ്ങള്‍ രംഗത്ത്. ‘മനുഷ്യത്വത്തെ ഉലച്ചു കളഞ്ഞ ഒരു ദുരന്തമായിരുന്നു ഇത്. ഈ കൊടുംകുറ്റവാളികളുമായ താരതമ്യം വന്യജീവികള്‍ക്ക് വരെ നാണക്കേടാണ്. ഈ സമൂഹത്തില്‍ ഒരു സ്ത്രീയായി ജനിക്കുന്നത് കുറ്റമാണോ? പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് എത്രയും പെട്ടെന്ന് ശിക്ഷ വാങ്ങിക്കൊടുക്കാനാണ് നമ്മള്‍ ഇനി പോരാടേണ്ടത്’ എന്നാണ് അനുഷ്‌ക ഷെട്ടി പ്രതികരിച്ചത്.

മനുഷ്യര്‍ക്കിടയിലെ ചെകുത്താന്‍മാരെ തുരത്താന്‍ ഒരുമിച്ച് നില്‍ക്കണമെന്നാണ് സല്‍മാന്‍ ഖാന്‍ കുറിച്ചത്. കുറ്റവാളികളെ പൊതുജനത്തിന് വിട്ട് കൊടുക്കണമെന്നാണ് നടിയും സമാജ്‌വാദി പാര്‍ട്ടി എംപിയുമായ ജയാ ബച്ചന്‍ പറഞ്ഞത്. ജനക്കൂട്ടം ശിക്ഷ നടപ്പാക്കിക്കൊള്ളുമെന്നാണ് ജയ ബച്ചന്‍ രാജ്യസഭയില്‍ പറഞ്ഞത്.

‘ഭയപ്പെടുത്തുന്ന സംഭവമാണിത്. കുടുംബത്തിലുള്ള പുരുഷന്മാരുടെ അല്ലെങ്കില്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ നമ്മള്‍ തീര്‍ച്ചയായും ഉത്തരവാദിത്വം കാണിക്കണം. തെറ്റായ പെരുമാറ്റം ആരില്‍ നിന്ന് ഉണ്ടായാലും അതിനെതിരെ ശക്തമായി പ്രതികരിക്കണം, ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കിക്കൊടുക്കണം. മനുഷ്യരെപ്പോലെ പെരുമാറാത്തവര്‍ക്ക് മനുഷ്യാവകാശ നിയമങ്ങള്‍ ബാധകമല്ല. അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം’ എന്നാണ് വിജയ് ദേവേരക്കൊണ്ട കുറിച്ചത്.

ഹൈദരാബാദില്‍ നടന്നത് ഏറെ ലജ്ജാവഹമായ കാര്യങ്ങളാണ്. മനുഷത്യരഹിതമായ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹം മുന്‍കൈയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് വിരാട് കോലി ട്വിറ്ററില്‍ കുറിച്ചത്.

‘ദിവസം ചെല്ലുന്തോറും കാര്യങ്ങള്‍ കൂടുതല്‍ ഭയാനകമായി മാറിക്കൊണ്ടിരിക്കുകയാണ്. അതും ഏറ്റവും സുരക്ഷിതമെന്ന് ഞാന്‍ വിശ്വസിച്ചിരുന്ന ഹൈദരാബാദ് പോലെയൊരു നഗരത്തില്‍. സ്ത്രീകള്‍ക്ക് ഏതു സമയത്തും സ്വതന്ത്രമായി സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ഒരിടമായി എന്നാണ് നമ്മുടെ രാജ്യം മാറുക? ഇത്തരം സൈക്കോപാത്തുകളെ
തേടിപ്പിടിച്ച് എത്രയും പെട്ടന്നു തന്നെ ശിക്ഷിക്കണം’ എന്നാണ് കീര്‍ത്തി ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version