ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ 40,000 കോടിയുടെ കേന്ദ്ര ഫണ്ട് സംരക്ഷിക്കാനുള്ള നാടകം; ഇല്ലെങ്കിൽ സഖ്യസർക്കാർ പണം ദുരുപയോഗം ചെയ്‌തേനെ: ബിജെപി എംപി ഹെഗ്‌ഡെ

ബംഗളൂരു: മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരിക്കാൻ മോഹിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത സംഭവത്തെ മഹത്‌വൽക്കരിച്ചും ന്യായീകരിച്ചും ബിജെപി നേതാവും എംപിയുമായ അനന്ത് കുമാർ ഹെഗ്ഡെ. മഹാരാഷ്ട്രയിൽ വേണ്ടത്ര ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും തിരക്കിട്ട് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇല്ലായിരുന്നെങ്കിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാർ ഈ തുക ദുരുപയോഗം ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എൻസിപി എംപിമാരെ ചിലരെ അടർത്തിയെടുത്ത് ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് 80 മണിക്കൂറോളമാണ് മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. അത് ചൂണ്ടിക്കാട്ടി 40,000 കോടിയുടെ കേന്ദ്ര ഫണ്ട് തിരികെ കേന്ദ്രത്തിന് കൈമാറുന്നതിന് ഫഡ്നാവിസിന് 15 മണിക്കൂർ തന്നെ ധാരാളമായിരുവെന്നാണ് ഹെഗ്‌ഡെയുടെ അവകാശവാദം. ഈ തുക സംരക്ഷിക്കുന്നതിന് ബിജെപി നടത്തിയ ഒരു നാടകമായിരുന്നു ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞയെന്നും അനന്ത് കുമാർ പറഞ്ഞു.

ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികളുടെ സഖ്യമായ മഹാവികാസ് അഖാഡിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തിന് ഒരുങ്ങവെയായിരുന്നു അമ്പരപ്പിച്ച് ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തത്. എൻസിപി നേതാവായ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ ഭൂരിപക്ഷമില്ലെന്ന് ഉറപ്പിച്ചതോടെ രാജിവെയ്ക്കുകയായിരുന്നു ഇരുവരും.

Exit mobile version