മഹാരാഷ്ട്ര മാത്രമല്ല, ഗോവയിലും ബിജെപി ഇതര സർക്കാരിന് ശ്രമിക്കുമെന്ന് ശിവസേന; അടുത്ത അത്ഭുതം അതായിരിക്കുമെന്നും സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയ്ക്ക് പുറമെ ഗോവയിലും ബിജെപി ഇതര സർക്കാർ ഉടനുണ്ടാകുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ഒരു അത്ഭുതം സംഭവിക്കുമെന്നും ബിജെപിക്കുള്ളിലുണ്ടാകുന്ന ഒരു രാഷ്ട്രീയ ഭൂകമ്പത്തിൽ ഗോവ നഷ്ടമാകുമെന്നും റാവുത്ത് പറഞ്ഞു.

നേരത്തെ, ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായിയെയും മൂന്ന് എംഎൽഎമാരെയും മുംബൈയിലേക്കു വിളിച്ച് ഗോവയിലെ രാഷ്ട്രീയ സാഹചര്യം റാവുത്ത് വിലയിരുത്തിയിരുന്നു. ‘വിജയ് സർദേശായ് ഉൾപ്പെടെ ഗോവയിലെ നാല് എംഎൽഎമാർ ശിവസേനയുമായി ബന്ധം പുലർത്തുന്നുണ്ട്. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാവ് സുധിൻ ധവലിക്കറുമായും ചർച്ച നടത്തി. ഗോവയിൽ ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്ന ചില എംഎൽഎമാരുമായും നല്ല ബന്ധത്തിലാണ്’- സഞ്ജയ് പറഞ്ഞു. ഗോവയിൽ കോൺഗ്രസിനേയും കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് ശ്രമമെന്നാണ് സൂചന.

രാജ്യത്താകമാനം ഒരു ബിജെപി ഇതര സഖ്യമെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മഹാരാഷ്ട്രയ്ക്കു ശേഷം ഗോവ. പിന്നീട് മറ്റ് സംസ്ഥാനങ്ങളെന്നാണ് ലക്ഷ്യമെന്നും റാവുത്ത് വ്യക്തമാക്കി. ഗോവയിൽ മഹാരാഷ്ട്ര ആവർത്തിക്കുമെന്ന് മുൻ ഗോവ ഉപമുഖ്യമന്ത്രി വിജയ് സർദേശായിയും മാധ്യമങ്ങളോട് പറഞ്ഞു.

40 അംഗ ഗോവ നിയമസഭയിൽ ബിജെപിക്ക് 27 എംഎൽഎമാരാണുള്ളത്. ഗോവ ഫോർവേർഡ് പാർട്ടിക്ക് മൂന്നും കോൺഗ്രസിന് അഞ്ചും എൻസിപിക്കും മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിക്കും ഓരോ അംഗങ്ങൾ വീതവും ഉണ്ട്.

Exit mobile version