കാർഷിക കടങ്ങൾ എഴുതി തള്ളും; തൊഴിൽ മേഖലയിൽ മഹാരാഷ്ട്രക്കാർക്ക് സംവരണം; ഒരു രൂപയ്ക്ക് ചികിത്സ: അധികാരമേറ്റ ഉദ്ധവ് സർക്കാർ പ്രഖ്യാപനങ്ങൾ

മുംബൈ: അധികാരമേറ്റതിന് പിന്നാലെ മഹാരാഷ്ട്രയിലെ കർഷകരുടെ കടങ്ങൾ ഉടൻ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി ഉദ്ധവ് താക്കറെ സർക്കാർ. തൊഴിൽ മേഖലയിൽ യുവാക്കൾക്ക് പ്രാദേശിക സംവരണം, ഒരു രൂപയ്ക്ക് ചികിത്സ, യുവാക്കൾക്ക് ജോലിയിൽ പ്രാദേശിക സംവരണം തുടങ്ങിയവയും എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യമായ മഹാവികാസ് അഘാഡിയുടെ പൊതുമിനിമം പരിപാടിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എൻസിപി നേതാക്കളായ ജയന്ത് പാട്ടീൽ, നവാബ് മാലിക്ക്, ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ എന്നിവർ ചേർന്നാണ് ത്രികക്ഷി സഖ്യത്തിന്റെ പൊതുമിനിമം പരിപാടി പ്രഖ്യാപിച്ചത്.

ഭരണഘടനയിലെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും സഖ്യം ഉറപ്പ് നൽകി.

ഉദ്ധവ് സർക്കാരിന്റെ പ്രധാന പ്രഖ്യാപനങ്ങൾ:
*കാർഷിക കടങ്ങൾ എഴുതിത്തള്ളും.
*വെള്ളപ്പൊക്കത്തിലും കാലവർഷത്തിലും നാശനഷ്ടമുണ്ടായ കർഷകർക്ക് അടിയന്തരസഹായം.
*സ്ഥിരതാമസക്കാരായ യുവാക്കൾക്ക് ജോലികളിൽ 80 ശതമാനം സംവരണം ഏർപ്പെടുത്തുന്ന നിയമം.
*സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം. *അംഗനവാടി ആശ വർക്കർമാരുടെ ഹോണറേറിയം വർധിപ്പിക്കും.
*കർഷക തൊഴിലാളികളുടെ മക്കൾക്ക് പലിശരഹിത വിദ്യാഭ്യാസ വായ്പ. *താലൂക്കുകളിൽ ഒരു രൂപ ക്ലിനിക്കുകൾ, സംസ്ഥാനത്ത് എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ്.
*പത്തുരൂപയ്ക്ക് ഭക്ഷണം നൽകുന്ന കാന്റീനുകൾ.
*സർക്കാർ ജോലികളിലെ ഒഴിവുകൾ നികത്തും.
*കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കും.

Exit mobile version