പരിശീലന പരിപാടിക്കിടെ ‘നാഗിന്‍’ നൃത്തം ആടി; അധ്യാപകര്‍ക്കെതിരെ നടപടി

രാജസ്ഥാന്‍: പരിശീലന പരിപാടിക്കിടെ ‘നാഗിന്‍’ നൃത്തം ആടിയ അധ്യാപകന് സസ്‌പെന്‍ഷന്‍. രാജസ്ഥാനിലെ ജലൂര്‍ ജില്ലയിലാണ് സംഭവം. ‘നാഗിന്‍’ നൃത്തമാടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായതിനെ തുടര്‍ന്നാണ് അധ്യാപകനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള വകുപ്പ് തല നടപടിയുണ്ടായത്.

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്കായി നടന്ന പരിശീലന പരിപാടിയുടെ വിശ്രമവേളയിലായിരുന്നു നേരംപോക്കിനായി അധ്യാപകരുടെ ‘നാഗിന്‍’ നൃത്തം. ഒരു അധ്യാപിക അടക്കം മൂന്ന് അധ്യാപകര്‍ ‘നാഗിന്‍’ സംഗീതത്തിനൊത്ത് നൃത്തം ചെയ്തു. മറ്റ് സഹപ്രവര്‍ത്തകര്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നൃത്തമാടിയ അധ്യാപകനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള വകുപ്പ് തല നടപടിയുണ്ടായി.

നൃത്തം അവതരിപ്പിച്ചതിന്റെ പേരില്‍ മറ്റു രണ്ട് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ഒരു ദോഷവുമില്ല, പക്ഷേ പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജലൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അശോക് റോഷ്വാള്‍ വ്യക്തമാക്കി. എന്നാല്‍ നടപടി ചോദ്യം ചെയ്തുകൊണ്ട് മറ്റ് അധ്യാപകര്‍ രംഗത്തെത്തുകയും ചെയ്തു.

Exit mobile version