മഹാരാഷ്ട്രയിൽ നാണംകെട്ട് ബിജെപി; വിശ്വാസവോട്ട് നേരിടാൻ ഭയന്ന് ഫഡ്‌നാവിസ് രാജിവെച്ചു

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിനിടയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം നാലാം ദിനത്തിൽ അഥവാ 80 മണിക്കൂറിനുള്ളിലാണ് രാജി സമർപ്പിച്ചിരിക്കുന്നത്. നാളെ അഞ്ച് മണിക്ക് മുമ്പ് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി ഉത്തരവ് തിരിച്ചടിയായതോടെയാണ് ഫഡ്‌നാവിസിന്റെയും രാജി പ്രഖ്യാപനം. ഫഡ്‌നാവിസിന്റെ രാജിക്ക് തൊട്ടുമുമ്പ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറും രാജി വെച്ചിരുന്നു.

മാധ്യമങ്ങളെ കണ്ട ഫഡ്‌നാവിസ് ശിവസേനയെ കുറ്റപ്പെടുത്തിയാണ് രാജി പ്രഖ്യാപിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. ബിജെപിയെ ജനങ്ങൾ അധികാരത്തിലെത്തിക്കാൻ ശ്രമിച്ചെന്നും എന്നാൽ ശിവസേനയുടെ നിലപാട് തിരിച്ചടിയായെന്നും ഫഡ്‌നാവിസ് കുറ്റപ്പെടുത്തി.

അതേസമയം, കോടതി നിർദേശിച്ച പ്രകാരമുള്ള വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് നിർണായകമായ തീരുമാനം ഉണ്ടായിരിക്കുന്നത്. എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യത്തിൽ നിന്നും എംഎൽഎമാരെ അടർത്തിയെടുത്ത് മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ ചെയ്ത ന്യൂനപക്ഷ സർക്കാരിനെ ഭൂരിപക്ഷമാക്കി വിപുലീകരിക്കാൻ ബിജെപി തന്ത്രങ്ങൾ മെനഞ്ഞെങ്കിലും വിജയിച്ചില്ല. എട്ട് സ്വതന്ത്ര എംഎൽഎമാർക്കായി വലവീശിയെങ്കിലും അതും ഫലം കണ്ടില്ല. ഒടുവിൽ എൻസിപിയിൽ നിന്നും അജിത് പവാറിനൊപ്പം എത്തിയ ഏഴ് എംഎൽഎമാരിൽ പലരും കൊഴിഞ്ഞുപോവുക മാത്രമാണ് ഉണ്ടായത്. സുപ്രീംകോടതി വിധിക്ക് പിന്നാലെ ചർച്ച നടത്തിയ ഫഡ്‌നാവിസും അജിത് പവാറും ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് തിരിച്ചറിയുകയായിരുന്നു.

ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷൻ അമിത് ഷായും കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് വിവരം. ഇവരുടെ നിർദേശ പ്രകാരമാണ് അജിത് പവാറും ഫഡ്‌നാവിസും രാജിവെച്ചതെന്നും സൂചനയുണ്ട്. എൻസിപിയിൽ നിന്നും കൂറ് മാറി ബിജെപിക്ക് ഒപ്പം ചേർന്ന അജിത് പവാറിന് പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നുമുള്ള സമ്മർദ്ദം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് രാജി വാർത്ത പുറത്തുവന്നിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസിനും അജിത് പവാറിനും വിശ്വാസ വോട്ടെടുപ്പിനെ നേരിടാൻ ആവശ്യമായ പിന്തുണ ഇല്ലെന്ന് ഉറപ്പായതോടെ രാജിയല്ലാതെ മറ്റ് വഴികളില്ലാതെ നാണംകെടുകയായിരുന്നു.

Exit mobile version