വാടക ഗര്‍ഭ ധാരണത്തിന് പൂട്ടിട്ട് കേന്ദ്രം; വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്‍ ലോക്‌സഭ പാസാക്കി, പുതിയ വ്യവസ്ഥകള്‍ ഇങ്ങനെ

വാടക ഗര്‍ഭധാരണത്തിന് നിയന്ത്രണങ്ങളോ നിയമങ്ങളോ ഇല്ലാത്ത സാഹചര്യത്തില്‍ കടുത്ത ചൂഷണ മേഖലയായി ഇത് മാറിയിരുന്നു.

ന്യൂഡല്‍ഹി: വാടക ഗര്‍ഭധാരണത്തിന് പൂട്ടിട്ട് കേന്ദ്രം. കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ വാടക ഗര്‍ഭധാരണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വന്‍തുകകള്‍ കൈപ്പറ്റിയുള്ള വാടകഗര്‍ഭധാരണം പൂര്‍ണ്ണമായും നിരോധിക്കുന്ന സറോഗസി റെഗുലേഷന്‍ ബില്‍ 2016 ലോക്‌സഭ പാസാക്കി. ബില്ലിലെ പുതിയ വ്യവസ്ഥകളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും ബന്ധുക്കളെ മാത്രമെ വാടക ഗര്‍ഭധാരണത്തിനായി ആശ്രയിക്കാന്‍ പാടുള്ളൂ എന്നതാണ്.

വാടക ഗര്‍ഭധാരണത്തിന് നിയന്ത്രണങ്ങളോ നിയമങ്ങളോ ഇല്ലാത്ത സാഹചര്യത്തില്‍ കടുത്ത ചൂഷണ മേഖലയായി ഇത് മാറിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം വാടക ഗര്‍ഭപാത്രം തേടി ആളുകള്‍ ഇന്ത്യയിലെത്തി തുടങ്ങി. പ്രസവശേഷം കുട്ടികള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളോ ശാരീരിക വൈകല്യങ്ങളോ ഉണ്ടെങ്കില്‍ അവരെ ഉപേക്ഷിച്ചു പോയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് ബില്ല് പാസാക്കിയിരിക്കുന്നത്.

ബില്ലിലെ സുപ്രധാന വ്യവസ്ഥകള്‍

*ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് പരോപകാര പ്രവൃത്തി. അത് വാണിജ്യമാക്കുന്നതിന് സമ്പൂര്‍ണ്ണ വിലക്ക്. *വാടക ഗര്‍ഭധാരണത്തിനായി അടുത്ത ബന്ധുവിനെ മാത്രമെ ആശ്രയിക്കാന്‍ പാടുള്ളു. ഇത് ചൂഷണങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.*വാടകഗര്‍ഭം ധരിക്കുന്ന സ്ത്രീക്കും സ്വീകരിക്കുന്ന ദമ്പതികള്‍ക്കും യോഗ്യത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. *ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് മാത്രമെ വാടക ഗര്‍ഭധാരണത്തിന് അനുമതിയുള്ളു. വിദേശികള്‍, വിദേശത്ത് താമസിക്കുന്നവര്‍, വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ വാടകഗര്‍ഭപാത്രം തേടി ഇന്ത്യയിലെത്തുന്നതിന് വിലക്ക്. *സ്വവര്‍ഗ്ഗ ദമ്പതികള്‍, ഏകരക്ഷിതാക്കള്‍, ലിവ്-ഇന്‍ ദമ്പതികള്‍ തുടങ്ങിയവര്‍ക്ക് വാടകഗര്‍ഭധാരണത്തിന് അനുമതിയില്ല. *കുട്ടികള്‍ ഉള്ള ദമ്പതികള്‍ക്ക് വാടകഗര്‍ഭധാരണത്തിന് വിലക്ക്. *ദേശീയ-സംസ്ഥാന തലത്തില്‍ സറോഗസി ബോര്‍ഡ് രൂപീകരണം.

Exit mobile version