സിയാച്ചിനിൽ മഞ്ഞിടിഞ്ഞ് സൈനികരടക്കം ആറുപേർ മരിച്ചു; രണ്ടുപേരെ കാണാതായി; അപകടം മഞ്ഞിടിച്ചിലിൽ അകപ്പെട്ടവരെ സുരക്ഷിതരാക്കാനുള്ള ശ്രമത്തിനിടെ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ദുർഘടവും ലോകത്തെ തന്നെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞ് വീണ് നാലു സൈനികരടക്കം ആറുപേർക്ക് ദാരുണമരണം. മരിച്ച മറ്റു രണ്ടുപേർ സൈന്യത്തിനുവേണ്ടി ചുമടെടുക്കുന്നവരാണ്. സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ കാണാതായിട്ടുണ്ട്.

ഹിമാലയൻ പർവതനിരകളിലൊന്നിൽ പാക് അതിർത്തിയോട് ചേർന്ന വടക്കൻ സിയാച്ചിനിൽ പട്രോളിങ് നടത്താനായി പുറപ്പെട്ട സംഘമാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. മഞ്ഞിടിച്ചിൽ ആരംഭിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു സൈനികരുടെ സംഘം മഞ്ഞിനടിയിൽ അകപ്പെട്ടത്.

ഹിമാലയൻ മലനിരയുടെ വടക്കൻമേഖലയിൽ സമുദ്രനിരപ്പിൽനിന്ന് 18,000 അടി ഉയരത്തിലാണ് സംഭവം. ഹിമാലയൻ മലനിരകളിൽ ചെങ്കുത്തായുള്ള ഈ പ്രദേശത്ത് പൂജ്യത്തിനുതാഴെ 21 ഡിഗ്രിയായിരുന്നു തിങ്കളാഴ്ചത്തെ തണുപ്പ്. കാണാതായവർക്കായി കരസേന തിരച്ചിൽ തുടങ്ങി. മഞ്ഞുപാളികൾക്കിടയിൽനിന്ന് രക്ഷിച്ച സൈനികരെ ഹെലികോപ്റ്ററിൽ സമീപത്തെ സൈനികാശുപത്രിയിലേക്കു മാറ്റി. ശൈത്യകാലത്ത് പൂജ്യത്തിനുതാഴെ 60 ഡിഗ്രിവരെ തണുപ്പാണ് സിയാച്ചിനിൽ അനുഭവപ്പെടാറുള്ളത്. ഈ സമയങ്ങളിൽ പ്രദേശത്ത് മഞ്ഞുമലയിടിച്ചിൽ പതിവാണ്.

Exit mobile version