കേരള എക്‌സ്പ്രസ് പാളം തെറ്റി; വേഗം കുറച്ചതിനാല്‍ ഒഴിവായത് വലിയ ദുരന്തം

പാന്‍ട്രി കാറാണ് പാളംതെറ്റിയതെന്ന് റെയില്‍വെ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു

വിജയവാഡ: ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ് (12626) പാളംതെറ്റി. സംഭവത്തില്‍ ആളപായമില്ല. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ വെച്ചാണ് ട്രെയിനിന്റെ കോച്ചുകളില്‍ ഒന്ന് പാളംതെറ്റിയത്. പാന്‍ട്രി കാറാണ് പാളംതെറ്റിയതെന്ന് റെയില്‍വെ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

യേര്‍പേട് റെയില്‍വെ സ്റ്റേഷനിലേക്ക് കടക്കുന്നതിനിടെയാണ് അപകടം. ആ സമയം ട്രെയിന്‍ വേഗം കുറച്ച് വന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ട്രെയിനിന്റെ ചക്രങ്ങളില്‍ ഒന്നിന് കേടുപറ്റിയതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വെ അധികൃതര്‍ പറയുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ആക്‌സിഡന്റ് റിലീഫ് ട്രെയിനും മെഡിക്കല്‍ റിലീഫ് വാനും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സാങ്കേതിക വിദഗ്ധരും റെയില്‍വെ ഉദ്യോഗസ്ഥരും അപകട കാരണം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. അപകടത്തെ തുടര്‍ന്ന് തടസ്സപ്പെട്ട തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

Exit mobile version