ഉച്ച ഭക്ഷണത്തിന് തയ്യാറാക്കിയ തിളച്ച സാമ്പാറില്‍ വീണ് ആറു വയസ്സുകാരന് ദാരുണാന്ത്യം; അധികൃതര്‍ക്കെതിരെ നടപടി

അമരാവതി: സ്‌കൂളിലെ ഉച്ച ഭക്ഷണത്തിന് തയ്യാറാക്കിയ സാമ്പാറില്‍ വീണ് ആറു വയസ്സുകാരന് ദാരുണാന്ത്യം. യുകെജി വിദ്യാര്‍ത്ഥിയായ പുരുഷോത്തം റെഡ്ഡിയാണ് മരിച്ചത്. ആന്ധ്രാ പ്രദേശിലെ കുര്‍ണൂലിലെ പന്യം ടൗണിലെ വിദ്യ നികേതന്‍ സ്‌കൂളിലാണ് അപകടം നടന്നത്.

സ്‌കൂളില്‍ ഉച്ചയ്ക്ക് ഭക്ഷണം വിളമ്പുന്നതിനിടെയായിരുന്നു അപകടം. ഉച്ചഭക്ഷണത്തിനായി കാത്തുനില്‍ക്കുന്നതിനിടെ മൂടാതെ വച്ച തിളച്ച സാമ്പാറിന്റെ പാത്രത്തില്‍ പുരുഷോത്തം വീഴുകയായിരുന്നു.പൊള്ളലേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ അച്ഛന്‍ ശ്യാം സുന്ദര്‍ റെഡ്ഡിയുടെ പരാതിയില്‍ സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ വിജയ കുമാറിനെയും കറസ്‌പോണ്ടന്റ് നാഗമല്ലെശ്വര റെഡ്ഡിയെയും പോലീസ് അറസ്റ്റ് ചെയ്തു. അധികൃതരുടെ ഭാഗത്ത് വീഴ്ചപറ്റിയെന്ന കണ്ടെത്തലിലാണ് അധികൃതരെ അറസ്റ്റ് ചെയ്തത്.

ശ്രദ്ധയില്ലാതെ ഉച്ചഭക്ഷണം വിളമ്പിയതാണ് ആറു വയസ്സുകാരന്റെ ജീവന്‍ പൊലിയാന്‍ കാരണമെന്ന് നന്ദ്യാല്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ചിന്ദാനന്ദ റെഡ്ഡി പറഞ്ഞു.

Exit mobile version