സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞാൽ പോര; രാഹുൽ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡൽഹി: റാഫേൽ ഇടപാടിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനങ്ങളോടാണ് മാപ്പ് പറയേണ്ടതെന്ന് ബിജെപി. സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞാൽ മാത്രം പോരെന്ന് ബിജെപി മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പ്രതികരിച്ചു.

റാഫേൽ കേസുമായി ബന്ധപ്പെട്ട് ”ചൗക്കിദാർ ചോർ ഹെ” എന്ന പരാമർശം നടത്തി പ്രധാനമന്ത്രി മോഡിയെ കേസുമായി തെറ്റായി ബന്ധിപ്പിച്ചത് അപകീർത്തികരമെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി നൽകിയ ഹർജിയിലാണ് രാഹുൽ ഗാന്ധി നിരുപാധിക മാപ്പ് നൽകിയിരുന്നത്. ഇത് സുപ്രീം കോടതി ഇന്ന് സ്വീകരിച്ചു. ഇതോടൊപ്പം റഫാൽ ഇടപാടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസും സുപ്രീം കോടതി തീർപ്പാക്കി.

റാഫേൽ യുദ്ധവിമാന ഇടപാടിലെ അഴിമതി കേസിൽ സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയ മുൻ തീരുമാനം പുനഃപരിശോധിക്കാൻ സുപ്രീം കോടതി ഇന്ന് വിസമ്മതിക്കുകയും ചെയ്തിരുന്നു. ഭാവിയിൽ രാഹുൽ ഗാന്ധി കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കോടതി വ്യക്തമാക്കി. റാഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്ന രാഹുലിന്റെ പരാമർശത്തിന്റെ പേരിൽ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണു കോടതിയലക്ഷ്യ ഹർജി നൽകിയത്. റാഫേൽ കേസിൽ വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് ഈ കേസും പരിഗണിച്ചത്.

Exit mobile version