മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍. തിങ്കളാഴ്ച രാത്രി 7.30വരെ ശിവസേനയ്ക്ക് ഗവര്‍ണര്‍ ഭഗത് സിഭ് കൊഷിയാരി സമയം അനുവദിച്ചു.

ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷി എന്ന നിലയിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമില്ലെന്ന് വ്യക്തമാക്കി നേരത്തെ ബിജെപി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

105 അംഗങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്കുള്ളത്. 56 സീറ്റുള്ള ശിവസേനയാണ് രണ്ടാമത്തെ വലിയ കക്ഷി. 144 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്.

സാഹചര്യം വിലയിരുത്താന്‍ വേണ്ടി ശിവസേന മേധാവി ഉദ്ദവ് താക്കറെ പാര്‍ട്ടി നേൃയോഗം വിളിച്ചു. ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസനേയുടെ മുഖ്യമന്ത്രി തന്നെ മഹാരാഷ്ട്ര ഭരിക്കുമെന്നും അതിന് എന്തുവിലയും കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ പാര്‍ട്ടി മേധാവി ഉദ്ദവ് താക്കറെ എംഎല്‍എമാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്-എന്‍സിപി കൂട്ടുകെട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

ഞായറാഴ്ച വൈകുന്നേരമാണ് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ദേന്ദ്രേ ഫഡ്നാവിസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാത്ത സാചര്യത്തിലാണ് ബിജെപി സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളില്‍ നിന്ന് പിന്‍മാറിയത്.

Exit mobile version