ബഹുജന പ്രക്ഷോഭത്തിന് എളിയ സംഭാവന നല്‍കാന്‍ കഴിഞ്ഞു; അയോധ്യ വിധിയെ സ്വാഗതം ചെയ്ത് എല്‍കെ അദ്വാനി

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ചരിത്രപരമായ അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് എല്‍കെ അദ്വാനി. ഏകകണ്ഠമായ സുപ്രീംകോടതി വിധിയെ ജനങ്ങള്‍ക്കൊപ്പം താനും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

”അയോധ്യയിലെ രാമജന്മഭൂമിയില്‍ പ്രഭു രാമനു വേണ്ടി മഹത്തായ ക്ഷേത്രം നിര്‍മ്മിക്കാന്‍ വഴിയൊരുക്കിയ സുപ്രീംകോടതിയുടെ ഏകകണ്ഠമായ വിധിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അനുഗ്രഹീതനായി തോന്നുന്നു”- അദ്വാനി പറഞ്ഞു.

ക്ഷേത്രം നിര്‍മ്മാണത്തിനായുള്ള ബഹുജന പ്രക്ഷോഭത്തിന് എളിയ സംഭാവന നല്‍കാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച അവസരമായി കാണുന്നതായും പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രത്തിനായി ഗുജറാത്തില്‍ നിന്ന് അയോധ്യയിലേക്ക് രഥയാത്ര സംഘടിപ്പിച്ചിരുന്നത് അദ്വാനിയായിരുന്നു.

ഭാരതത്തിലെയും വിദേശത്തേയും ആളുകളുടെ ഹൃദയത്തില്‍ രാമജന്മഭൂമിക്ക് സവിശേഷവും പവിത്രവുമായ സ്ഥാനമുണ്ട്. ഭാരതത്തിന്റെ സംസ്‌ക്കാരത്തിലും നാഗരികതയിലും പാരമ്പര്യത്തിലും രാമനും രാമായണവും ആദരണീയമായ സ്ഥാനംവഹിക്കുന്നതായും ഞാന്‍ എപ്പോഴും പറഞ്ഞിരുന്നു. അതിനാല്‍, അവരുടെ വിശ്വാസത്തെയും വികാരങ്ങളെയും ബഹുമാനിക്കുന്നത് സന്തോഷകരമാണെന്നും മുസ്ലിം പള്ളി പണിയുന്നതിനായി അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ നല്‍കണമെന്ന കോടതി വിധിയേയും സ്വാഗതം ചെയ്യുന്നതായി അദ്വാനി പറഞ്ഞു.

അയോധ്യയില്‍ തര്‍ക്കഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് ഇന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണമെന്നും കേസില്‍ ഹര്‍ജി നല്‍കിയിരുന്ന നിര്‍മോഹി അഖാഡയെ സമിതിയില്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റി) ഉള്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Exit mobile version