അഡ്വാനിയ്ക്ക് ഭാരത രത്ന സമ്മാനിക്കുമ്പോള്‍ സീറ്റിൽ തന്നെയിരുന്ന് പ്രധാനമന്ത്രി; കുറച്ചെങ്കിലും ബഹുമാനിക്കൂ എന്ന് സോഷ്യലിട൦

ന്യൂഡല്‍ഹി: ബിജെപി നേതാവ് എല്‍കെ അഡ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഭാരത രത്ന സമ്മാനിക്കുമ്പോള്‍ സീറ്റില്‍ തന്നെയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരെ രൂക്ഷവിമര്‍ശന൦. ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും ആദരവില്ലാത്ത പെരുമാറ്റമാണ് പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടായതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ വീഡിയോ പങ്കുവച്ച് വിമര്‍ശനം രേഖപ്പെടുത്തി.

ഇന്ത്യന്‍ പ്രസിഡന്റ് രാജ്യത്തെ ഏറ്റവും വലിയ ബഹുമതി സമ്മാനിക്കുമ്പോള്‍ എഴുന്നേറ്റു നിന്ന് ആദരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നതെന്നാണ് ഇവരുടെ പ്രതികരണം.
ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്ത്യാ മുന്നണിയുടെ റാലിയിലാണ് തേജസ്വി യാദവ് മോഡിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചത്.

എണീറ്റു നിന്ന് കുറച്ചെങ്കിലും ബഹുമാനം രാഷ്ട്രപതിക്ക് നല്‍കൂവെന്നാണ് തേജസ്വിയുടെ വിമര്‍ശനം. ബിജെപിക്ക് ഭരണഘടനയില്‍ വിശ്വാസമില്ലെന്ന് കാണിക്കുന്നതാണിതെന്നും തേജസ്വി പറഞ്ഞു.

പ്രായാധിക്യവും അവശതയും കാരണം ഇരുന്നാണ് മുന്‍ ഉപപ്രധാനമന്ത്രി കൂടിയായ എല്‍കെ അഡ്വാനി ഭാരത രത്ന സ്വീകരിച്ചത്. രാഷ്ട്രപതി അഡ്വാനിയുടെ അടുത്തേക്ക് ചെന്ന് മെഡല്‍ അണിയിച്ച് പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു. രാഷ്ട്രപതി എഴുന്നേറ്റു നിന്ന് പുരസ്‌കാരം നല്‍കുമ്പോള്‍ കസേരയില്‍ തന്നെ ഇരുന്ന് കൈയടിക്കുകയായിരുന്നു മോഡി.

ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘഡ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, അഡ്വാനിയുടെ കുടുംബം തുടങ്ങിയവര്‍ പങ്കെടുത്തു. ഈ വര്‍ഷം അഞ്ചു ഭാരതരത്ന പുരസ്‌കാരങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രിമാരായ പി വി നരസിംഹറാവു, ചൗധരി ചരണ്‍സിങ്, കൃഷി ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്‍, മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍താര്‍പൂരി ഠാക്കൂര്‍ എന്നിവര്‍ക്കായിരുന്നു പുരസ്‌കാരം.

Exit mobile version