ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തു; മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ പോലീസ് ഭീഷണി

ലഖ്‌നൗ: അയോധ്യ കേസില്‍ വിധി പറയും മുമ്പേ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ പോലീസ് ഭീഷണി. രാഷ്ട്രീയ പ്രസ്താവന ഉടന്‍ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു ഉത്തര്‍പ്രദേശിലെ അമേഠി പോലീസിന്റെ ഭീഷണി.

‘നാളെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ ദിവസമാണ്. ഇന്ത്യന്‍ മുസ്ലിംകളുടെ വിശ്വാസത്തിന്റെ സ്മാരകമായിരുന്ന ബാബരി മസ്ജിദ് 1992 ഡിസംബര്‍ ആറിന്, ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവരാല്‍ പൊളിക്കപ്പെട്ടു. ഇത് എന്റെയും ഒരു തലമുറയിലെ മുസ്ലിംകളുടെ തന്നെയും ജീവിതത്തെ മാറ്റിമറിച്ചു. അവര്‍ ഒറ്റരാത്രികൊണ്ട് അപരവല്‍ക്കരിക്കപ്പെട്ടു. എന്റെ രാജ്യം എന്നെ നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ’ എന്നായിരുന്നു റാണ അയ്യൂബിന്റെ പോസ്റ്റ്.

‘നിങ്ങള്‍ ഒരു രാഷ്ട്രീയ പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്. എത്രയുംവേഗം ഇത് ഡിലീറ്റ് ചെയ്യുക. ഇല്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ അമേഠി പോലീസ് നിയമനടപടി സ്വീകരിക്കും’ – എന്നായിരുന്നു അമേഠി പോലീസിന്റെ ട്വീറ്റ്. എന്നാല്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം പോലീസ് ഈ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ റാണ അയ്യൂബും പ്രതികരണവുമായി രംഗത്തെത്തി. തന്റെ ട്വീറ്റില്‍ എന്തെങ്കിലും വസ്തുതാപരമായ പിഴവുകള്‍ ചൂണ്ടിക്കാണിച്ചാല്‍ ഡിലീറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് റാണ അയ്യൂബ് പറഞ്ഞു. എന്നാല്‍ അതിന് മുമ്പ് തന്നെ പോലീസ് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

Exit mobile version