എസ്പിജി സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനം രാഷ്ട്രീയ പകപോക്കല്‍; വിമര്‍ശനവുമായി കെസി വേണുഗോപാല്‍

ഇത്തരം നടപടികളിലൂടെ ബിജെപിയുടെ ക്രൂര മനോഭാവമാണ് പുറത്തു വരുന്നതെന്നും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു.

ന്യൂഡല്‍ഹി: നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പകപോക്കലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പകപോക്കല്‍ രാഷ്ട്രീയം അംഗീകരിക്കാനാകില്ല. ഇത്തരം നടപടികളിലൂടെ ബിജെപിയുടെ ക്രൂര മനോഭാവമാണ് പുറത്തു വരുന്നതെന്നും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു.

നിലവിലെ സാഹചര്യത്തില്‍ നെഹ്റു കുടുംബം സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന വിലയിരുത്തലിലാണ് നെഹ്റു കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.

ആഭ്യന്തര വകുപ്പിന്റെ വാര്‍ഷിക അവലോകന യോഗത്തിലാണ് എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനം എടുത്തത്. നെഹ്റു കുടുംബത്തിലെ അംഗങ്ങളായ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കും മക്കളായ എംപി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും നല്‍കി വരുന്ന സുരക്ഷ പിന്‍വലിക്കാനാണ് നീക്കം.

സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സുരക്ഷ പിന്‍വലിച്ച് പകരം സിആര്‍പിഎഫിന്റെ സുരക്ഷ നല്‍കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഗാന്ധികുടുംബത്തിന് എസ്പിജി സുരക്ഷ നല്‍കുന്നതിനെതിരെ ബിജെപിയുടെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം എന്നതും ശ്രദ്ധേയമാണ്.

നിലവില്‍ പ്രധാനമന്ത്രിക്കും നെഹ്റു കുടുംബത്തിനും മാത്രമാണ് എസ്പിജി സുരക്ഷ നല്‍കുന്നത്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷമാണ് നെഹ്റു കുടംബത്തിന് എസ്പിജി സുരക്ഷ നല്‍കാനുളള തീരുമാനമെടുത്തത്. കഴിഞ്ഞ ആഗസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിന്റെ എസ്പിജി സുരക്ഷാ പിന്‍വലിച്ചിരുന്നു.

Exit mobile version