ശിവസേനയുമായി സഖ്യത്തിനില്ല; ജനവിധി മാനിച്ച് പ്രതിപക്ഷത്തിരിക്കും; സഖ്യ സാധ്യത തള്ളി ശരത് പവാര്‍

ബിജെപി-ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കണം.

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി ഒരു സഖ്യത്തിനില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. ജനവിധി മാനിച്ച് പ്രതിപക്ഷത്തിരിക്കാനാണ് എന്‍സിപിയുടെ തീരുമാനമെന്നും പവാര്‍ പറഞ്ഞു. മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പവാര്‍ ഇക്കാര്യം അറിയിച്ചത്.

ബിജെപി-ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കണം. ജനവിധി അവര്‍ക്കനുകൂലമായിരുന്നു. അതിനാല്‍ ജനവിധി മാനിച്ച് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാതെ സര്‍ക്കാരുണ്ടാക്കാന്‍ ഇരുപാര്‍ട്ടികളും ചേര്‍ന്നുള്ള മുന്നണി തയാറാകണം. നിലവിലെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസ്, എന്‍സിപി സഹകരണത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ സഖ്യത്തിനില്ലെന്ന് പവാര്‍ വ്യക്തമാക്കുകയായിരുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്തുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമൊന്നുമില്ല. സൗഹൃദ സന്ദര്‍ശനമാണ് റാവത്ത് നടത്തിയതെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്നും ശരത് പവാര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പദത്തിനായി ബിജെപിയും ശിവസേനയും പിടിവാശി തുടരുന്നതാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രി പദം ഒരുകാരണവശാലും വിട്ടുതരില്ലെന്ന നിലപാടിലാണ് ബിജെപി. അതേസമയം മുഖ്യമന്ത്രിപദം രണ്ടര വര്‍ഷം വീതം എന്ന തരത്തില്‍ പങ്കുവെയ്ക്കണമെന്നാണ് ശിവസേനയുടെ ആവശ്യം.

രണ്ട് പാര്‍ട്ടികളും പിടിവാശിയില്‍ ഉറച്ച് നിന്നതോടെയാണ് മറ്റ് സാധ്യത എന്ന നിലയില്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നിവയുടെ സഹകരണത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനാകുമോ എന്ന് ശിവസേന ശ്രമിച്ചത്. നിലവിലെ മഹാരാഷ്ട്രയില്‍ കാവല്‍ സര്‍ക്കാരിന്റെ കാലാവധി മറ്റന്നാള്‍ അവസാനിക്കും.

288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105 സീറ്റുകളാണ് ലഭിച്ചത്. ശിവസേനയ്ക്ക് 56 ഉം എന്‍സിപിക്ക് 54 ഉം സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന് 44 എംഎല്‍എമാരാണുള്ളത്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. അതെസമയം മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുംബൈയിലെത്തിയിട്ടുണ്ട്.

Exit mobile version