പ്രാര്‍ത്ഥനകളും രക്ഷാപ്രവര്‍ത്തനങ്ങളും വിഫലം; ഹരിയാനയില്‍ കുഴല്‍ കിണറില്‍ വീണ അഞ്ചുവയസ്സുകാരി മരിച്ചു

ഞായറാഴ്ചയായിരുന്നു കുട്ടി കുഴല്‍ കിണറില്‍ വീണത്

ന്യൂഡല്‍ഹി: വീണ്ടും ഒരു കുരുന്ന് ജീവന്‍ കൂടി പൊലിഞ്ഞു. ഹരിയാന കര്‍ണാലിലെ ഗരൗന്ധയില്‍ കുഴല്‍ കിണറില്‍ വീണ അഞ്ചുവയസ്സുകാരി മരിച്ചു. ഗരൗന്ധ ഹര്‍സിങ്പുര ഗ്രാമത്തിലെ ശിവാനി എന്ന അഞ്ചുവയസ്സുകാരിയാണ് കുഴല്‍ കിണറിനായി എടുത്തിരുന്ന കുഴിയില്‍ വീണത്.

ഞായറാഴ്ചയായിരുന്നു കുട്ടി കുഴല്‍ കിണറില്‍ വീണത്. അമ്പതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിക്ക് പൈപ്പ് മുഖാന്തിരം ഓക്‌സിജന്‍ എത്തിച്ചുനല്‍കാന്‍ ദേശീയ ദുരന്ത നിവാരണ സേന ശ്രമിച്ചിരുന്നുവെങ്കിലും കുട്ടിയെ ജീവനോടെ രക്ഷപെടുത്താന്‍ കഴിഞ്ഞില്ല.

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ് രണ്ടുവയസ്സുകാരന്‍ സുജിത് മരിച്ചതിന്റെ ആഘാതം വിട്ടുമാറും മുമ്പേയാണ് രാജ്യത്ത് വീണ്ടുമൊരു കുഴല്‍ കിണര്‍ അപകടം കൂടി ഉണ്ടായിരിക്കുന്നത്.

ഒക്ടോബര്‍ 25നാണ് തിരുച്ചിറപ്പള്ളിയിലെ നാടുകാട്ടുപ്പെട്ടിയില്‍ സുജിത് വില്‍സണ്‍ എന്ന രണ്ടുവയസ്സുകാരന്‍ കുഴല്‍കിണറില്‍ വീണത്. നാലുദിവസത്തോളം രക്ഷാപ്രവര്‍ത്തനം നീണ്ടു. എന്നാല്‍ രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ, നൂറടിയോളം താഴ്ചയില്‍ വീണ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 29ന് പുലര്‍ച്ചെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു

Exit mobile version